മാറാനെത്തുന്നവർ കുറവ്
text_fieldsകൊല്ലം: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചെങ്കിലും ബാങ്കുകളിൽ മാറ്റിയെടുക്കാനെത്തുന്നവർ കുറവ്. പൊതുമേഖല, സ്വകാര്യ ബാങ്കുകളിൽ 2000 രൂപ മാറ്റിയെടുക്കുന്നതിന് ക്രമീകരണമൊരുക്കിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചയത്ര നോട്ടുകൾ മടങ്ങിവരുന്നില്ലെന്നാണ് വ്യക്തമാവുന്നത്. ഒരാൾക്ക് ഒരു ബാങ്കിൽ ഒരു ദിവസം രണ്ടായിരം രൂപയുടെ പത്ത് നോട്ടുകൾ വരെ മാറ്റിയെടുക്കാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുള്ളത്. മിക്ക ബാങ്കുകളിലും വളരെ കുറച്ചുപേർ മാത്രമാണ് നോട്ടുകൾ മാറാനെത്തുന്നത്. സാധാരണക്കാർ അധികം 2000 രൂപയുടെ നോട്ടുകളുമായി എത്താറുമില്ല.
നോട്ടുകൾ മാറാനെത്തുന്നവരുടെ പേരുവിവരങ്ങൾ മിക്ക ബാങ്കുകളും ശേഖരിക്കുന്നുണ്ട്. നോട്ടുകൾ എവിടെ നിന്നു ലഭിച്ചുവെന്നതടക്കം പിന്നീട് ചോദ്യങ്ങളുണ്ടായാൽ മറുപടി നൽകുന്നതിനാണിത്. പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്നുവെന്നല്ലാതെ അപേക്ഷ ഫോം പൂരിപ്പിച്ചു വാങ്ങുകയോ, തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. മടങ്ങിയെത്തുന്ന നോട്ടുകൾ ബാങ്കുകൾ കാഷ് ചെസ്റ്റുകളിലേക്കും അവിടെനിന്നു റിസർവ് ബാങ്കിനും കൈമാറുന്ന പ്രകിയ തുടരുന്നുണ്ട്.
സെപ്റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾക്ക് വിനിമയത്തിന് തടസമില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്കിടയിൽ നോട്ടുകൈമാറ്റം ഏറെക്കുറെ നിലച്ചമട്ടാണ്. 2000രൂപ കൊടുക്കാനും വാങ്ങാനും ജനങ്ങൾ മടിക്കുന്നു. വ്യാപാരമേഖലയിലടക്കം 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നില്ല. നോട്ട് വാങ്ങിയാൽ അവ ബാങ്കിൽ നൽകി മാറ്റിയെടുക്കൽ പ്രയാസമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ആകെ കറൻസി മൂല്യത്തിന്റെ പത്ത് ശതമാനത്തോളമാണ് നിലവിൽ 2000രൂപ നോട്ടുകൾക്കുള്ളത്. അങ്ങനെ കണക്കാക്കുമ്പോൾ വലിയ തോതിൽ ഈ നോട്ടുകൾ മടങ്ങിവരുമെന്ന നിഗമനത്തിലായിരുന്നു ആദ്യം ബാങ്കിങ് മേഖല. എന്നാൽ അതുണ്ടായില്ല. എ.ടി.എമ്മുകളിൽ 2000 രൂപയുടെ നോട്ടുകൾ നിറക്കുന്നത് നേരത്തേ തന്നെ നിർത്തിയിരുന്നു. ഇതും 2000 രൂപ നോട്ടുകൾ മറ്റ് നോട്ടുകൾ പോലെ വ്യാപകമായി ഉപയോഗിക്കപ്പെടാത്ത സാഹചര്യമുണ്ടാക്കി.
നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും സമയമുണ്ടെങ്കിലും വലിയതോതിൽ കൈമാറ്റം ഉണ്ടാവാനിടയില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.