ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം
text_fieldsകൊല്ലം: കൊതുക് വര്‍ധിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ഉറവിടനശീകരണം നടത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗം. ആഴ്ച തോറും വീടും, സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണം.
രോഗലക്ഷണങ്ങള്‍
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം.തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില് തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്. സ്വയം ചികിത്സ ഒഴിവാക്കണം. പനി മാറിയാലും കുറച്ച് ദിവസം കൂടി സമ്പൂര്‍ണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന് വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ധാരാളം കുടിക്കുക. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലക്കുള്ളില്‍ ആയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത് വീട്ടിനകത്തും പരിസരത്തുമാണ്. വെള്ളം സംഭരിച്ച പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ചെടിച്ചട്ടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകള്‍, വിറകും മറ്റും മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല് സംഭരിക്കുന്ന ചിരട്ടകള്‍, കമുകിന് പാളകള്‍, നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. വീടിനുള്ളില്‍ ചെടിച്ചട്ടിയില്‍ വെള്ളം കെട്ടിക്കിടക്കാത്ത വിധം മണ്ണിട്ട് വളര്‍ത്തണം.
ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകകള്‍ മുട്ടയിട്ട് പെരുകും. ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.