മലമ്പനിക്കെതിരെ വേണം ജാഗ്രത
text_fieldsകൊല്ലം: ജില്ലയില്‍ നിരവധി പേരിൽ മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനായി വേണം അതീവ ജാഗ്രത.ജില്ലയില്‍ ഈ വർഷം ജൂലൈ വരെ 31 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇവയെല്ലാം ഇതര സംസ്ഥാനത്തുനിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലിക്കായി പോയി വന്നവരിലാണ് കണ്ടെത്തിയത്. നാട്ടിലെത്തുന്ന രോഗികൾ ആവശ്യമായ ചികിത്സ സ്വീകരിക്കാതിരിക്കുകയും തദ്ദേശീയ അനോഫെലിസ് കൊതുകുകളിലൂടെ രോഗം ഇവിടെയുള്ളവരിലേക്ക് പകരുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ മലമ്പനി രക്തപരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.
അനോഫെലിസ് വരുണ, അനോഫെലിസ് സ്റ്റീഫന്സി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ജില്ലയില്‍ കൂടുതലായി കാണപ്പെടുന്നത്. ശുദ്ധജലത്തിലാണ് ഈ കൊതുകുകള്‍ മുട്ടയിടുന്നത്. തീരദേശങ്ങളിലും നഗരപ്രദേശങ്ങളിലും കിണറുകള്‍ (വലയില്ലാത്തതും കൊതുകുഭോജി മത്സ്യം ഇല്ലാത്തതും), അടപ്പില്ലാത്തതും പൊട്ടിയതുമായ ടാങ്കുകള്‍ (ഗ്രൗണ്ട് ലെവല്‍ ടാങ്ക്, ഓവര്‍ ഹെഡ് ടാങ്ക്) എന്നിവിടങ്ങളിലെല്ലാം കൊതുക് മുട്ടയിട്ടുവളരാന് സാഹചര്യമുണ്ട്.
രോഗം സ്ഥിരീകരിച്ച ആളില്‍നിന്ന് മൂന്ന്, 14, 28 ദിവസങ്ങളില്‍ തുടര്‍പരിശോധനക്കായി രക്തസാമ്പിളുകളില്‍ പ്ലാസ്മോഡിയത്തിന്റെ സാന്നിദ്ധ്യം ഇല്ലായെന്ന് ഉറപ്പുവരുത്തണം. തുടര്‍ന്ന് രണ്ടു വര്‍ഷക്കാലം മാസത്തില്‍ ഓരോ തവണയും രക്തപരിശോധന നടത്തണം. മലമ്പനി ബാധിച്ച ഒരാള്‍ക്ക് ചികിത്സ വഴി രക്തത്തിലെ പാരസൈറ്റുകള്‍ നശിക്കും. എന്നാല്‍, ചില പാരസൈറ്റുകള്‍ കരളില്‍ സുഷുപ്താവസ്ഥയില്‍ കണ്ടേക്കാം. ഇത് പരിശോധനയിലൂടെ കണ്ടെത്തി വീണ്ടും രോഗബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും.
കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും പൊതുസമൂഹം ജാഗ്രത പാലിച്ചാല്‍ മാത്രമേ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളു എന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.