കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; 8 കിലോയുമായി യുവാവ് പിടിയിൽ
text_fieldsകൊല്ലം: തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന 8.1 കിലോ കഞ്ചാവ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. മുമ്പും കഞ്ചാവ് കേസിലെ പ്രതിയായ ഇരവിപുരം ഗൗരിമന്ദിരം വീട്ടിൽ രാജേഷ് (34) ആണ് പിടിയിലായത്. മൊത്ത വിൽപനക്കായി വാങ്ങാൻ വരുന്നയാളെ പ്രതീക്ഷിച്ചുനിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന, ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ടി. രാജീവും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പ് തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി ലോറിയിലെത്തിച്ച 10 കിലോ കഞ്ചാവ് 1.6 ലക്ഷം രൂപക്കാണ് പ്രതി വാങ്ങിയത്. കടവൂർ ഭാഗത്തുള്ള ഒരാൾക്ക് എട്ട് കിലോ രണ്ട് ലക്ഷം രൂപക്ക് കൊടുക്കുന്നതിന് കാത്തുനിൽക്കുമ്പോഴാണ് പിടികൂടിയത്. ബാക്കി കഞ്ചാവ് വിറ്റു.
രാജേഷ് വൻതോതിൽ തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് വരുത്തി മൊത്തവിൽപന നടത്തി വരുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഒരാഴ്ചയായി എക്സൈസ് ഷാഡോ ടീമിനെ രഹസ്യനിരീക്ഷണത്തിന് നിയോഗിച്ചിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടിച്ചത്.
പല സ്ഥലങ്ങളിൽ വീടുകൾ വാടകെക്കടുത്ത് അവിടെ രഹസ്യമായി കഞ്ചാവു സൂക്ഷിച്ചാണ് വൻതോതിൽ കച്ചവടം നടത്തി വന്നിരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തിയതിന് നേരത്തേ പരവൂർ പൊലീസ് കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും വിൽപന നടത്തുന്നതിനിടയിലാണ് പിടിയിലായത്.
ഇൻറീരിയർ ഡിസൈനറാണെന്ന് പരിചയപ്പെടുത്തി നല്ല രീതിയിൽ വസ്ത്രധാരണവും സൗമ്യമായി ഇടപ്പെട്ടുമാണ് ഓരോ സ്ഥലത്തും വീട് വാടകക്കെടുക്കുന്നത്. കാണാൻ സുമുഖനായതിനാൽ ഇയാൾ പറയുന്നത് ആൾക്കാർ പെട്ടെന്ന് വിശ്വസിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്ക് കഞ്ചാവു എത്തിച്ചുകൊടുത്ത തമിഴ്നാട് സ്വദേശിയെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചു. ട്രെയിൻ മാർഗം തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കടത്തി കൊണ്ടുവന്നിരുന്ന പ്രതി ലോക്ഡൗൺ മൂലം റെയിൽ ഗതാഗതം കുറഞ്ഞതോട് കൂടിയാണ് ചരക്ക് ലോറിയിൽ കടത്തൽ ആരംഭിച്ചത്.
എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ മനോജ് ലാൽ, നിർമലൻ തമ്പി, ബിനു ലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, ജൂലിയൻ ക്രൂസ്, അനിൽകുമാർ, ഡ്രൈവർ നിതിൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.