ബൈക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; സമീപത്തെ നാല് വാഹനങ്ങളും കത്തിയമർന്നു
text_fieldsകൊല്ലം: ഓടിക്കൊണ്ടിരുന്ന ബൈക്കിൽനിന്ന് പുകയുരുകയും നിർത്തിയപ്പോൾ തീപിടിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു. ബൈക്കിൽനിന്ന് തീപടർന്ന് കാറും ഓട്ടോറിക്ഷയുൾപ്പെടെ നാല് വാഹനങ്ങൾകൂടി കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.50ഓടെയാണ് സംഭവം.
കൊല്ലം കേരളപുരം സ്വദേശി അൻവർഷാ ബൈക്ക് ഓടിച്ചുവരുന്നതിനിടെ കിളികൊല്ലൂർ വലിയപള്ളിക്കു മുന്നിൽവെച്ച് വാഹനത്തിന്റെ എൻജിൻഭാഗത്തുനിന്ന് പുകവരുന്നതുകണ്ട് വഴിയോരത്ത് നിർത്തി ഇറങ്ങി നോക്കി. തീ പടർന്നപ്പോൾ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഓടിമാറി.
പെട്ടെന്ന് തീ പടരുകയും പെട്രോൾ ടാങ്ക് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീഗോളമുയരുകയും ചെയ്തു. സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളിലേക്കും ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. കടപ്പാക്കടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങൾ തീയിൽ അമർന്നു. ഫോം ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും അഞ്ച് വാഹനങ്ങളും പൂർണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ നാട്ടുകാർ മാറ്റിയതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.
കിളികൊല്ലൂർ വലിയപള്ളിയിൽ ജുമുആ നമസ്കാരത്തിനെത്തിയവരുടേതുൾപ്പെടെ വാഹനങ്ങളാണ് കത്തിനശിച്ചത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. ബൈക്കിന്റെ ബാറ്ററിയിലെ തകരാറായിരിക്കാം തീപിടിക്കാൻ കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. അഗ്നിരക്ഷാസേന 8.75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. സ്റ്റേഷൻ ഓഫിസർ ബി. ബൈജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വിക്ടർ വി. ദേവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജെ. സുരേഷ് കുമാർ, ഡി. രാജേഷ് കുമാർ, എസ്. സജി, വി. വിജേഷ്, എസ്. ഫ്രാൻസിസ്, എസ്. വിഷ്ണു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (മെക്കാനിക്) അനിൽ കുമാർ, ഹോംഗാർഡ് സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ വിമൽ, സി. ഹാമിൽട്ടൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ആൾക്കൂട്ടം കണ്ട് നോക്കി, കണ്ടത് കത്തുന്ന കാർ
സുഹൃത്തിന്റെ ഓഫിസിലെത്തിയ കണ്ടച്ചിറ സ്വദേശി അഖിൽദാസ് സംഭവത്തിന് അര മണിക്കൂർ മുമ്പാണ് കോർപറേഷൻ കിളികൊല്ലൂർ സോണൽ ഓഫിസിനു സമീപം വലിയപള്ളിക്ക് മുന്നിലായി കാർ പാർക്ക് ചെയ്തത്. 12.50 കഴിഞ്ഞതോടെ സ്ഥലത്ത് വലിയ ആൾക്കൂട്ടവും ബഹളവും കണ്ട് ഓഫിസിൽനിന്ന് ഇറങ്ങിനോക്കിയ അഖിൽദാസ് കണ്ടത് മറ്റ് വാഹനങ്ങൾക്കൊപ്പം തന്റെ കാറും കത്തുന്നതാണ്.
നിമിഷങ്ങൾകൊണ്ട് വാഹനത്തെ തീമൂടുന്നത് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. അഗ്നിരക്ഷാസേന എത്തി തീ കെടുത്തുമ്പോഴേക്കും കാറിന്റെ അകത്തേക്കും അടിയിലേക്കുൾപ്പെടെ തീപടർന്നിരുന്നു. പള്ളിയിൽ പ്രാർഥനക്കെത്തിയ മൂന്നാംകുറ്റി സ്വദേശി അൻസർ, അനസ് എന്നിവരുടേതാണ് കത്തിനശിച്ച സ്കൂട്ടറുകൾ. ബൈജുവിന്റെ ജീവനോപാധിയായിരുന്നു ഓട്ടോറിക്ഷ. വലിയ ശബ്ദത്തോടെ റോഡിലേക്ക് ഉയർന്ന തീഗോളം വാഹനങ്ങളെ വിഴുങ്ങുന്നത് നോക്കിനിൽക്കാനേ നാട്ടുകാർക്കും കഴിഞ്ഞുള്ളൂ.
തീപടർന്നപ്പോൾ മുൻകരുതലായി റോഡിൽ വാഹനങ്ങൾ തടഞ്ഞു. തൊട്ടുപിന്നാലെയാണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചത്. ആ സമയത്ത് റോഡിൽ വാഹനങ്ങളും ആളുകളുമില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. തിരക്കേറിയ രണ്ടാംകുറ്റി റോഡിൽ ജുമുആ നമസ്കാരത്തിനെത്തിയ നിരവധിപേർ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. കത്തിയ കാറിന് തൊട്ടടുത്ത് അംബാസിഡർ കാറുൾപ്പെടെയുണ്ടായിരുന്നു. ഇവ പെട്ടെന്ന് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.