അഭ്യാസത്തിനൊടുവിൽ ലൈസൻസ് നഷ്ടം -Video
text_fieldsകൊല്ലം: ലക്ഷങ്ങൾ വിലയുള്ള ബൈക്കിൽ തീരദേശ റോഡിലൂടെ യുവാവിന്‍റെ സ്റ്റണ്ട്. അഭ്യാസം പരിധിവിട്ടപ്പോൾ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഒരു ദിവസം കഴിഞ്ഞ് ബൈക്ക് വിട്ടുകൊടുത്തപ്പോൾ സ്റ്റേഷനിൽനിന്നിറങ്ങി വീണ്ടും അഭ്യാസം. പോരാത്തിതിന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ച് വിജയാരവം മുഴക്കലും. എല്ലാം കഴിഞ്ഞപ്പോൾ ബൈക്കോടിക്കാനുള്ള ലൈസൻസ് പോയികിട്ടി. കാവനാട് സ്വദേശി നിതീഷാണ് (22) കഥയിലെ താരം.
ഓവർ സ്പീഡിനും റോഡിൽ സ്റ്റണ്ട് നടത്തിയതിനും പരവൂർ പൊലീസാണ് യുവാവിനെ പിടികൂടിയത്. നിയമലംഘനത്തിന് പിഴയീടാക്കി വിട്ടയച്ചപ്പോൾ സ്റ്റേഷന് മുന്നിൽ വീണ്ടും ബൈക്കിൽ അഭ്യാസം കാണിച്ചു. സുഹൃത്ത് എടുത്ത വിഡിയോ യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ 'പണി' പിന്നാലെ വരുമെന്ന മുന്നറിയിപ്പിൽ വിഡിയോ പൊലീസും പങ്കുവെച്ചു. സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾതന്നെ ബൈക്കിന്‍റെ പിൻവശം പൊക്കി അഭ്യാസം കാണിച്ച യുവാവിനെ തിരികെ ബൈക്ക് ഉരുട്ടിച്ച് സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോയാണ് പൊലീസ് നർമത്തിന്‍റെ അകമ്പടിയോടെ പങ്കുവെച്ചത്.
പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങി അഭ്യാസം കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബൈക്ക് പിടികൂടാൻ പൊലീസ് മോട്ടോർ വാഹനവകുപ്പിന്‍റെ സഹായം തേടി. കൊല്ലം എൻഫോഴ്സ്മെൻറ് ആർ.ടി.എ എ.കെ. ദിലുവിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ കല്ലുംതാഴത്തുവെച്ച് യുവാവിനെ ബൈക്കുമായി കസ്റ്റഡിയിലെടുത്തു. വിവരം അറിയിച്ചതിനെതുടർന്ന് എത്തിയ പരവൂർ പൊലീസിന് കൈമാറി. സ്റ്റേഷനിൽനിന്ന് അഭ്യാസം കാണിച്ചിറങ്ങിപ്പോയ യുവാവിനെ തിരികെ എത്തിച്ചപ്പോൾ ബൈക്ക് ഉരുട്ടി എത്തുന്നരീതിയിൽ വിഡിയോ പൊലീസ് ഉദ്യോഗസ്ഥരാണ് ചിത്രീകരിച്ചത്.
നിതീഷിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്തതായി എൻഫോഴ്സ്മെൻറ് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു. 2.3 ലക്ഷം രൂപ വിലയുള്ള ബൈക്കാണ്. പല ഭാഗത്തും രൂപമാറ്റം വരുത്തിയിരുന്നു. ആർ.സി ബുക്ക് റദ്ദാക്കണമോയെന്ന് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.