കൊല്ലത്ത് ബൈക്ക് മോഷണസംഘം പിടിയിൽ
text_fieldsകൊല്ലം: വ്യാപകമായി ഇരുചക്രവാഹനങ്ങൾ മോഷണം നടത്തി വന്ന സംഘം കൊല്ലം വെസ്റ്റ് പൊലീസ് പട്രോളിങ് സംഘത്തിന്റെ പിടിയിലായി. കാവനാട് കന്നിമേൽച്ചേരി തേവരപറമ്പിൽ അനന്തകൃഷ്ണൻ (24), കുരീപ്പുഴ സുപ്പീരിയർ നഗർ 47ൽ സിയോൺ വില്ലയിൽ റോണി (24), ആശ്രാമം വെളിക്കുളങ്ങര മിഷൻ കോമ്പൗണ്ടിൽ മുന്ന എന്ന റോബിൻ (27), കൊല്ലം ഓലയിൽ പൗണ്ട് പുരയിടം കുരിശിങ്കൽ ഹൗസിൽനിന്നും ആനന്ദീശ്വരം നഗർ 108 ൽ താമസിക്കുന്ന ഡെനി ജോർജ് (31) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ രാത്രി പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ്സംഘം കൊല്ലം ഹൈസ്കൂൾ ജങ്ഷനടുത്തുള്ള കനറ ബാങ്കിന് സമീപം എത്തിപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ അനന്തകൃഷ്ണനേയും റോണിയേയും കാണാൻ ഇടയായതാണ് പ്രതികളിലേക്ക് എത്തിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്ന് വിക്ടോറിയ ആശുപത്രിക്ക്സമീപം ഇരിക്കുകയാണെന്നും പെട്രോൾ വാങ്ങാൻ പോവുകയാണെന്നുമാണ് ഇവർ പറഞ്ഞത്.
പെരുമാറ്റത്തിൽ പന്തികേട് തോന്നി പരിശോധന നടത്തിയപ്പോൾ ഇവർ നിൽക്കുന്നതിന് സമീപത്തായി മറ്റൊരു ബൈക്ക് താക്കോൽ അതിൽ തന്നെയുള്ള നിലയിൽ കണ്ടെത്തി. തങ്ങളുടേതല്ല എന്നാണ് ഇവർ പൊലീസ് സംഘത്തോട് പറഞ്ഞത്.
സംശയം ബലപ്പെട്ട പൊലീസ് വിശദമായി പരിശോധിച്ചപ്പോൾ നിരവധി ഇരുചക്ര വാഹനങ്ങളുടെ താക്കോൽ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. തുടർന്ന് യുവാക്കളുമായി വിക്ടോറിയ ആശുപത്രിക്ക് സമീപം എത്തി പരിശോധിച്ചപ്പോൾ ഇവർ പറഞ്ഞ ബൈക്കിൽ പെട്രോൾ ഉള്ളതായും കണ്ടെത്തി.
പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ട പൊലീസ്സംഘം ഈ വാഹനങ്ങൾ വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ഇവയെല്ലാം വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസുകളിലെ മോഷണ മുതലുകളാണെന്ന് തിരിച്ചറിഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ, കിളികൊല്ലൂർ, അഞ്ചാലുംമൂട്, ചവറ, വർക്കല, കായംകുളം എന്നിവിടങ്ങളിൽനിന്നായി നാൽപതിലധികം വാഹനങ്ങൾ മോഷണം നടത്തിയതായി ഇവർ സമ്മതിച്ചു.
മോഷ്ടിച്ചെടുത്ത വാഹനം വിക്ടോറിയ ആശുപത്രിക്ക് സമീപം വെച്ച ശേഷം മോഷണമുതലായ മറ്റൊരു ബൈക്കിൽ കനറ ബാങ്കിന് സമീപത്ത് എത്തി മറ്റൊരു വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പൊലീസ് സംഘത്തിന്റെ കൈയിൽ അകപ്പെടുന്നത്. അനന്തകൃഷ്ണനും, റോണിയും ചേർന്ന് മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങൾ റോബിന്റെയും ഡെനി ജോർജിന്റെയും വർക്ക്ഷോപ്പിൽ എത്തിച്ച് പൊളിച്ച് സ്പെയർ പാർട്സുകളാക്കി അവ മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വിൽപന നടത്തുന്നതാണ് സംഘത്തിന്റെ രീതി.
കുറേയധികം വാഹനങ്ങൾ ഇത്തരത്തിൽ പൊളിച്ച് വിൽപന നടത്തിയതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഓമനക്കുട്ടൻ, ജയലാൽ, എ.എസ്.ഐ ബീന, ജാൻസി, എസ്.സി.പി.ഒ വിനു വിജയൻ, ഫെർഡിനാന്റ്, സി.പി.ഒമാരായ ഷമീർ, ദീപുദാസ്, അനിൽ, രാജീവ്, സുരേഷ്, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.