ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പ്: ഗ്രൂപ്പ് പോരിനിടെ വിഷയം കോടതിയിലും
text_fieldsകൊല്ലം: വിവിധ ജില്ലകളിൽ പാർട്ടിക്കുള്ളിൽ ആധിപത്യം പിടിച്ചെടുക്കാനുള്ള പോർവിളി, സംഘർഷത്തിലടക്കം എത്തിയതിന് പിന്നാലെ ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പ് കോടതിയിലേക്കും. പാർട്ടി പിടിച്ചടക്കാൻ കെ. സുരേന്ദ്രൻ - പി.കെ. കൃഷ്ണദാസ് ഗ്രൂപ്പുപോര് മുറുകിയതിനൊപ്പമാണ് കോടതിയിലും കാര്യങ്ങളെത്തിയത്. കൊല്ലത്ത് ഗ്രൂപ്പ് പോരിൽ സമവായമുണ്ടാക്കാൻ നേതാക്കൾ ഉൾപ്പെടെ വ്യാഴാഴ്ച കൊട്ടാരക്കരയിൽ യോഗം ചേരുന്നുണ്ട്.
നിലവിലെ ജില്ല കമ്മിറ്റി വിഭജിച്ചുള്ള കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് ജില്ല പ്രസിഡന്റ് സ്ഥാനങ്ങൾ കൈയടക്കാനുള്ള പോരാണ് കൊല്ലത്ത്. ഗ്രൂപ്പ് ചേരിതിരിവ് കഴിഞ്ഞദിവസം പത്തനംതിട്ടയിൽ കൈയാങ്കളിയിൽ എത്തിയിരുന്നു. വിഭജിച്ച കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് കൊല്ലത്തെ നിലവിലെ ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ. സുരേന്ദ്രൻ വിഭാഗക്കാരനായാണ് ഗോപകുമാർ അറിയപെടുന്നത്. കൊല്ലം പട്ടണം ഉൾപ്പെടുന്ന പുതിയ വെസ്റ്റ് ജില്ല കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജില്ല ജന: സെക്രട്ടറി എസ്. പ്രശാന്തിനെ മൽസരിപ്പിക്കാനാണ് സുരേന്ദ്രൻ പക്ഷത്തിന്റെ നീക്കം. കൃഷ്ണദാസ് നേതൃത്വംനൽകുന്ന ഗ്രൂപ്പ്, മുൻ സംസ്ഥാന ജന: സെക്രട്ടറി ചവറ ഹരിയെ മൽസരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. കൊല്ലം ഈസ്റ്റ് ജില്ല കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ സംസ്ഥാന സെക്രട്ടറി രാജി പ്രസാദിനെ രംഗത്തിറക്കാനാണ് കൃഷ്ണദാസ് പക്ഷം ആലോചിക്കുന്നത്. സുരേന്ദ്രൻ പക്ഷം ജില്ല ജനറൽ സെക്രട്ടറി വയയ്ക്കൽ സോമനെ മൽസരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. ഇതിനിടെ അധ്യാപക സംഘടനാ നേതാവായ പി.എസ് ഗോപകുമാറിനെ മൽസരിപ്പിക്കാൻ ആർ.എസ്.എസ് നേതൃത്വവും ചരടുവലിക്കുന്നുണ്ട്.
ജില്ലയിൽ അടൽജി ഫൗണ്ടേഷന് നേതൃത്വം നൽകുന്നവർ സുരേന്ദ്രൻ പക്ഷത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇവരാണ് ജില്ലയിൽ കൃഷ്ണദാസ് പക്ഷത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് കൊട്ടാരക്കരയിൽ നടക്കുന്ന യോഗത്തിൽ 22 മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കും. ഇതിനിടെയാണ് പാർട്ടിയുടെ സംസ്ഥാന വരണാധികാരി പുറപ്പെടുവിച്ച സർക്കുലറുമായി ബന്ധപ്പെട്ട കേസ് കൊല്ലം കോടതിയിൽ തന്നെ വന്നിരിക്കുന്നത്.
നിലവിൽ ചുമതലയിലിരിക്കുന്നവർ മാത്രമേ മൽസരിക്കാൻ പാടുള്ളൂ എന്ന നിർദേശത്തിനെതിരെയാണ് ബി.ജെ.പി മുൻ ജില്ല സെക്രട്ടറി നെടുമ്പന ഓമനക്കുട്ടൻ കൊല്ലം ജില്ലകോടതിയിൽ ഹർജിനൽകിയത്. ഹർജി പരിഗണിച്ച കോടതി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ , സംസ്ഥാന വരണാധികാരി നാരായണൻ നമ്പൂതിരി, ജില്ലവരണാധികാരി കരമന ജയൻ എന്നിവർക്ക് നോട്ടീസ് അയച്ചു.
കേസ് ഈമാസം ആറിന് വീണ്ടും പരിഗണിക്കും. സംസ്ഥാന വരണാധികാരി പുറപ്പെടുവിച്ച സർക്കുലറിലെ വ്യവസ്ഥ പാർട്ടി ഭരണഘടനയുടെ ലംഘനവും സജീവാംഗങ്ങളുടെ അവകാശം നിഷേധിക്കലുമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ചുമതലയിലിരിക്കുന്നവർ മാത്രമേ മൽസരിക്കാൻ പാടുള്ളൂ എന്ന നിർദേശത്തിനെതിരെ ബി.ജെ.പി ദേശീയ പ്രസിഡന്റ് അടക്കമുള്ളവർക്ക് നെടുമ്പന ഓമനക്കുട്ടൻ നേരത്തെ പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.