കൊല്ലം കലക്ടറുടെ ഓഫീസിന് തീപിടുത്തം; നശിച്ചത് 13 ലക്ഷത്തിന്റെ ടി.വി, വ്യക്തമാകാതെ ഫയലുകളുടെ വിവരങ്ങൾ
text_fieldsകൊല്ലം: മേയറുടെ ഓഫിസിലുണ്ടായ തീപിടിത്തത്തിൽ വിലകൂടിയ ടെലിവിഷൻ നശിച്ചതാണ് നഷ്ടക്കണക്കിന്റെ വ്യാപ്തി കൂട്ടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കാണാനും വിഡിയോ കോൺഫറൻസിങ് നടത്താനുമെല്ലാം സൗകര്യം ഒരുക്കുന്ന അനുബന്ധ ഉപകരണങ്ങളും കൂടി ചേരുമ്പോൾ 13 ലക്ഷത്തോളം ചെലവായ ടി.വിയാണ് ഉപയോഗശൂന്യമായി മാറിയത്. തീ നേരിട്ട് പടർന്നില്ലെങ്കിലും കടുത്ത ചൂടിൽ ടി.വി പൊട്ടിത്തകരുകയായിരുന്നു. ഏതാനും നാൾ മുമ്പ് ഊരാളുങ്കൽ സൊസൈറ്റിയാണ് റൂമിൽ ഈ ടി.വിയും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ചത്. ടി.വിക്ക് പുറമെ മുറിയിലുണ്ടായിരുന്ന രണ്ട് എ.സികളും പൂർണമായും നശിച്ചു. വൈദ്യുതി വയറിങ്ങും വാൾ പാനലുകളും ജനലും ഫാനുമെല്ലാം നശിച്ചവയുടെ കൂട്ടത്തിലുണ്ട്.
തീപിടിത്തത്തിൽ വശത്തെ മേശയിലുണ്ടായിരുന്ന ഏതൊക്കെ ഫയലുകൾ നശിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നഗരസഭ ഓഫിസിലെ വിവിധ സെക്ഷനുകളിൽനിന്ന് മേയറുടെ അനുമതിക്കായി എത്തിച്ച ഫയലുകളുടെയും മറ്റും വിവരങ്ങൾ ക്ലർക്കുമാരുടെ നേതൃത്വത്തിൽ കണക്ക് എടുത്താലേ ഏതൊക്കെ നശിച്ചു എന്ന് അറിയാനാകൂ. ഭാഗികമായി കത്തിയ ഫയലുകൾ റൂമിൽനിന്ന് മാറ്റി. ഇവയിൽ പല ബില്ലുകളും ഉണ്ടായിരുന്നു. പ്രധാന ഫയലുകൾ സമീപത്തെ ലോക്കർ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിനാൽ വലിയ നഷ്ടമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
തീപിടിത്തത്തിന് പിന്നിൽ ദുരൂഹതയെന്ന് ആരോപണം
മേയറുടെ ഓഫിസിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ ദുരൂഹതയെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്ത്. സുപ്രധാനമായ പല ഫയലുകളും നശിച്ചു എന്നാണ് ആരോപണം. അനധികൃത കെട്ടിട നിർമാണങ്ങൾക്കെതിരെയുള്ള ഫയലുകൾ പലതും മേയറുടെ ഓഫിസിൽ പിടിച്ചുെവച്ചിരുന്നതായും കഴിഞ്ഞദിവസം വിജിലൻസ് പരിശോധന നടത്തിയതിന് പിന്നാലെയുള്ള തീപിടിത്തം ദുരൂഹത വർധിപ്പിക്കുന്നതായും ആരോപണമുയരുന്നു. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് സമാനമായ സംഭവമാണ് നഗരസഭയിലുണ്ടായിരിക്കുന്നതെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. വിവരങ്ങൾ പുറത്തുവരുമെന്ന ഘട്ടം വരുമ്പോൾ സി.പി.എം പുറത്തെടുക്കുന്ന പതിനെട്ടാമത്തെ അടവാണ് തീപിടിത്തമെന്നും വ്യക്തമായ അന്വേഷണം നടത്താൻ വിജിലൻസ് തയാറാകണമെന്നും കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളിലെ എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ള പരാമര്‍ശത്തെകുറിച്ച് ഉൾപ്പെടെ അന്വേഷണം നടക്കുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നതെന്നും ഇതിന്റെ ഫയലുകള്‍ കത്തി നശിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാറും ആവശ്യമുയർത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.