വള്ളവും തൊഴിലാളികളും കടലിൽ അകപ്പെട്ടു; മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി
text_fieldsകൊല്ലം: യന്ത്രതകരാറിനെ തുടർന്ന് മണിക്കൂറുകളോളം കടലിൽ ഒഴുകി നടന്ന വള്ളവും അതിലെ തൊഴിലാളികളെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. 22 മത്സ്യത്തൊഴിലാളികളാണ് സുരക്ഷിതരായി കരക്കണഞ്ഞത്.
ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്‍റ് വ്യാഴാഴ്ച രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനം വൈകീട്ടോടെയാണ് പൂർത്തിയായത്. രാത്രി പോയി രാവിലെ തിരികെയെത്തുന്ന വള്ളമായതിനാൽ ഭക്ഷണം കരുതാതെ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ മണിക്കൂറുകൾക്ക് ശേഷം രക്ഷാപ്രവർത്തകർ എത്തിച്ച ഭക്ഷണവും വെള്ളവുമാണ് കഴിച്ചത്.
തിരുവനന്തപുരം പെരുമാതുറയിൽനിന്ന് ബുധനാഴ്ച രാത്രി പത്തോടെ മത്സ്യബന്ധനത്തിന് പോയ പെരുമാതുറ മാടൻവിള സുഫിയാ മൻസിലിൽ സെയ്ഫിന്‍റെ ഉടമസ്ഥതയിലുള്ള 'അൽഫത്താഫ്' എന്ന വള്ളമാണ് യന്ത്രത്തകരാറിനെ തുടർന്ന് കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മറൈൻ എൻഫോഴ്സ്മെന്‍റിന് വള്ളത്തെക്കുറിച്ച വിവരം ലഭിച്ചത്. അധികൃതർ എട്ടരയോടെതന്നെ പട്രോളിങ് ബോട്ടുമായി രക്ഷാപ്രവർത്തനത്തിന് തിരിച്ചു. 11.35 ഓടെയാണ് ബോട്ട് കണ്ടെത്തിയത്. കെട്ടിവലിച്ച് വൈകീട്ട് അഞ്ചോടെയാണ് നീണ്ടകര മറൈൻ കോളജിന് സമീപമുള്ള വാർഫിലെത്തിച്ചത്.
ഔട്ട്ബോഡ് എൻജിൻ പിടിപ്പിച്ച താങ്ങുവലയുമായി മീൻപിടിക്കാൻ പോകുന്ന വലിയ വള്ളത്തിൽ 14 പെരുമാതുറ സ്വദേശികളും എട്ട് മലപ്പുറം സ്വദേശികളുമാണ് ഉണ്ടായിരുന്നത്. കാരിയർ വള്ളവും ഉണ്ടായിരുന്നു. യന്ത്രത്തകരാറിലായ വള്ളത്തിൽ രണ്ട് നങ്കൂരമുണ്ടായിട്ടും ശക്തമായ കാറ്റിലും ഒഴുക്കിലും രക്ഷയുണ്ടായില്ല. ഏറെദൂരം ഒഴുകിനടന്ന വള്ളം രക്ഷാപ്രവർത്തകർ എത്തുമ്പോൾ ആദ്യമുണ്ടായിരുന്ന സ്ഥലത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെത്തിയത്.
വള്ളത്തിന്‍റെ യന്ത്രം ശരിയാക്കാൻ പരിശ്രമിച്ചെങ്കിലും വിജയിക്കാതായതോടെ മറ്റ് ബോട്ടുകളെ വിളിച്ചിരുന്നു. എന്നാൽ, കാറ്റിന്‍റെ ശക്തി കാരണം അവർക്കും അടുത്തെത്താൻ കഴിഞ്ഞില്ല. ഏറെക്കഴിഞ്ഞ് മൊബൈലിൽ റേഞ്ച് കിട്ടിയപ്പോൾ കരയിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.
അവരാണ് മറൈൻ എൻഫോഴ്സ്മെന്‍റിനെ അറിയിച്ചതെന്ന് താനൂർ സ്വദേശിയായ സ്രാങ്ക് അഫ്സൽ പറഞ്ഞു. ബോട്ട് അറ്റകുറ്റപ്പണികൾക്ക് ശേഷം തിരികെ കൊണ്ടുപോകുമെന്ന് ഉടമയായ സെയ്ഫ് പറഞ്ഞു.
ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ ജെയിൻ, മറൈൻ എൻഫോഴ്സ്മെന്റ് സി.ഐ എസ്.എസ്. ബിജു, എസ്.ഐ വിനു എന്നിവരുടെ നിർദേശപ്രകാരം ലൈഫ് ഗാർഡ് തോമസ്, ആൽബർട്ട്, കുഞ്ഞുമോൻ ജോൺസൺ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.