താങ്ങുവള്ളം മുങ്ങി; കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsകൊല്ലം: അറ്റകുറ്റപ്പണിക്കായി നീണ്ടകര യാഡിലേക്ക് കൊണ്ടുവന്ന താങ്ങുവള്ളം മുങ്ങി തൊഴിലാളികൾ കടലിൽ വീണു. നിസാര പരിക്കേറ്റ ആറു തൊഴിലാളികളെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് 5.30ന് കൊല്ലം ബീച്ചിന് സമീപത്താണ് അപകടം. കഠിനംകുളം സ്വദേശി എസ്. ശ്യാം(20), ഇയാളുടെ സഹോദരൻ എസ്. സുജിത് (22), പള്ളിത്തുറ സ്വദേശി എസ്. ലിയോ(19), ചാന്നാങ്കര സ്വദേശി എം. സജീർ (40), കാസർകോട് കുമ്പള സ്വദേശി എ. അസീസ്(38), വർക്കല സ്വദേശി ബി. ഷാൻ (38) എന്നിവർക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം മുതലപ്പോഴി സ്വദേശി സനലിന്റെ ഉടമസ്ഥയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. മുതലപ്പോഴിയിൽ നിന്ന് കൊണ്ടു വന്ന വള്ളം താന്നി ഭാഗത്ത് എത്തിയപ്പോൾ ചെറുതായി വെള്ളം കയറി. തുടർന്ന് വേഗത്തിൽ പോർട്ട് ഭാഗത്തേക്ക് കൊണ്ടു വരവെ ബീച്ചിന് സമീപം എത്തിയപ്പോഴേക്കും പകുതിയിലധികം വെള്ളം കയറി ഒരു വശത്തേക്കു ചരിഞ്ഞു. തുടർന്ന് നീണ്ടകര യാർഡിൽ ഫോണിലൂടെ ബന്ധപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ വള്ളം മറിഞ്ഞു. വിവരം അറിഞ്ഞെത്തിയ കോസ്റ്റ് ഗാർഡ് കടലിൽ വീണ ആറു പേരെയും ബോട്ടിൽ കരയിൽ എത്തിച്ചു. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.