കലക്ടറേറ്റിലെ വ്യാജബോംബ് ഭീഷണി; മാതാവും അറസ്റ്റിൽ
text_fieldsകൊല്ലം: ജില്ല ഭരണസംവിധാനത്തെ മൂന്നുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ വ്യാജ ബോംബ് ഭീഷണി കത്തിന്റെ സൂത്രധാരന്റെ മാതാവും അറസ്റ്റിലായി. വർഷങ്ങളായി കൊല്ലം കോടതിയിലും കലക്ടറേറ്റിലുമായി വരുന്ന വ്യാജ ബോംബ് ഭീഷണി കത്തുകൾ ഇവർ ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
തൃക്കടവൂർ മതിലിൽ പുത്തൻപുര സാജൻ വില്ലയിൽ സാജൻ ക്രിസ്റ്റഫറിനെ (34) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കേസിൽ മാതാവ് കൊച്ചുത്രേസ്യയെയും (62) പൊലീസ് അറസ്റ്റ് ചെയ്തു.
2014 ൽ സാജനും സുഹൃത്തായ അമൽജോൺസനും ചേർന്ന് അമലിന്റെ കാമുകിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും മെസേജുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് വിചാരണ നടന്നുവരുകയാണ്.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വരാറുള്ള സാജൻ ക്രിസ്റ്റഫർ കോടതിക്കും ജില്ല ജഡ്ജിക്കും കലക്ടർക്കും വ്യാജ അശ്ലീല കത്തുകളും ഭീഷണി കത്തുകളും അയച്ചുകൊണ്ടിരുന്നു. അഞ്ചാലുംമൂട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാകാനിരിക്കെയാണ് തുടർന്നും ഇത്തരത്തിലുള്ള വ്യാജ കത്തുകളും ഭീഷണി കത്തുകളും ജെ.പി എന്ന ചുരുക്കനാമത്തിൽ അയച്ചുകൊണ്ടിരുന്നത്.
കലക്ടറേറ്റ് ബോംബ് ഭീഷണി കേസിൽ നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കോടതിയുടെ അനുമതിയോടെ ഇയാളുടെ വീട് പൊലീസ് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വീട്ടിൽനിന്ന് ഏഴ് മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും പെൻ ഡ്രൈവുകളും ഹാർഡ് ഡിസ്കുകളും അമ്പതോളം ഭീഷണിക്കത്തുകളും പൊലീസ് കണ്ടെടുത്തു.
ഇതിൽ കോടതിയിൽ വന്ന അതേ കൈപ്പടയിൽ ജെ.പി എന്ന ചുരുക്ക നാമത്തിൽ സാജനെയും മാതാവ് കൊച്ചുത്രേസ്യയെയും ഭീഷണിപ്പെടുത്തി കൊണ്ടുള്ള പല കത്തുകളും ഉണ്ടായിരുന്നു. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതിയുടെ ക്രിമിനൽ ബുദ്ധിയുടെ ആഴം മനസ്സിലായത്.
പ്രതി മജിസ്ട്രേറ്റിന് അയക്കാനായി വെച്ചിരുന്ന കത്തിൽ ജിൻസൺ എന്നയാളാണ് ഇത്തരത്തിൽ ഭീഷണിക്കത്തുകൾ അയക്കുന്നതെന്നും അയാളുടെ വാഹന നമ്പറും കൈയക്ഷരവും പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിൻസനെ പൊലീസ് ചോദ്യം ചെയ്തതിൽ 2016 ൽ പ്രതിയും മാതാവും കലക്ടറേറ്റിൽ െവച്ച് കണ്ടിരുന്നുവെന്നും, കലക്ടർക്ക് പരാതി നൽകാൻ വന്നതാണെന്നും എഴുതാനറിയില്ലെന്നും പറഞ്ഞ് തന്നെ കൊണ്ട് പരാതി എഴുതിപ്പിച്ചുവെന്നും പറഞ്ഞു.
തുടർന്ന് സാജൻ ക്രിസ്റ്റഫറെ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കലക്ടറേറ്റിൽ വെച്ച് വാഹന നമ്പർ മനസ്സിലാക്കിയ പ്രതി ആർ.ടി.ഒ സൈറ്റിൽ നിന്ന് ആർ.സി ഓണർ ജിൻസന്റെ വിവരങ്ങൾ മനസ്സിലാക്കിയും വർഷങ്ങളോളം ജിൻസന്റെ കൈയക്ഷരം പകർത്തിയെഴുതി പഠിച്ചുമാണ് കത്തുകൾ അയച്ചു കൊണ്ടിരുന്നത്.
2014 ൽ നടന്ന കേസിന്റെ വിചാരണയിൽ താനല്ല ആ കുറ്റം ചെയ്തതെന്ന് വരുത്തിത്തീർക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അതിനാണ് പല കൈയക്ഷരത്തിൽ സ്വന്തം വിലാസത്തിലേക്കും ഭീഷണിക്കത്തുകൾ അയച്ചിരുന്നത്. ഇവരുടെ ഫോണിൽനിന്ന് കലക്ടർക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു.
തുയ്യം വേളാങ്കണ്ണി പള്ളിയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ് ബോംബ്’
2016 ൽ തുയ്യം വേളാങ്കണ്ണി പള്ളിയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ് ബോംബ് വെച്ചിരിക്കുന്നു’എന്ന വ്യാജ മെസേജ് അയച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അന്ന് വികാരിയായിരുന്ന ജോളി എബ്രഹാമിനോടുള്ള വിരോധമാണ് ഇപ്രകാരം ചെയ്യാൻ പ്രചരിപ്പിച്ചതെന്ന് പ്രതി പറയുന്നു.
ഈ കേസ് നിലവിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തിലാണ് ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശപ്രകാരം എ.സി.പി അഭിലാഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് സ്റ്റേഷൻ സി.ഐ ഷെഫീഖ്, കൺട്രോൾ റൂം സി.ഐ ജോസ്, എസ്.ഐ അനീഷ്, ദീപു, ജ്യോതിഷ് കുമാർ, ഷെമീർ, ബിനു, ജലജ, രമ, ബിന്ദു, സുമ തുടങ്ങിയ അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാജൻ ക്രിസ്റ്റഫറിനെ ജില്ല ജയിലിലേക്കും കൊച്ചുത്രേസ്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
സിനിമാകഥകളെ വെല്ലുന്ന പ്രവൃത്തികള്‍
കൊല്ലം: വ്യാജ ഭീഷണിക്കത്തുമായി ബന്ധപ്പെട്ട് പിടിയിലായ സാജനെ ചോദ്യം ചെയ്തതോടെ പുറത്തറിഞ്ഞ കാര്യങ്ങളില്‍ ഞെട്ടലിലാണ് അന്വേഷണസംഘം.
സിനിമാകഥകളിലെ സൈക്കോകഥാപാത്രങ്ങളേക്കാള് ദുരൂഹത നിറഞ്ഞ പ്രവൃത്തികളായിരുന്നു സാജന് ചെയ്തുവന്നിരുന്നത്. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഇയാള്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും സി.സിടി.വി കാമറകള്‍ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു. വ്യാജ ഭീഷണിക്കത്തുകൾ എഴുതാൻ സ്വന്തമായി രണ്ട് കൈയക്ഷരങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.
സ്വതസിദ്ധമായ കൈയക്ഷരം മാറ്റി മറ്റൊരു കൈയക്ഷരത്തിലായിരുന്നു സാജന് ഭീഷണികത്തുകള്‍ തയാറാക്കിയിരുന്നത്. 2018 മുതല്‍ പുതിയ കൈയക്ഷരത്തിലാണ് ഭീഷണിക്കത്തുകള്‍ തയാറാക്കിയിരുന്നത്. ജഡ്ജിക്കയച്ച ഭീഷണിക്കത്ത് പുതിയ കൈയക്ഷരത്തിലായിരുന്നു. അന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തെങ്കിലും പഴയ കൈയക്ഷരം എഴുതിക്കാണിച്ചതോടെ പൊലീസ് വിട്ടയച്ചിരുന്നു.
ചൊവ്വാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ പഴയതും പുതിയതുമായ അക്ഷരത്തില്‍ ഇയാള്‍ എഴുതിയ കത്തുകള്‍ ലഭിച്ചെന്നും കലക്ടറേറ്റിലേക്ക് കത്തെഴുതാന്‍ കാരണം ഒരിക്കല്‍ പോയപ്പോള്‍ കലക്ടറേറ്റില്‍ കണ്ട ഉദ്യോഗസ്ഥയോട് തോന്നിയ പ്രണയമാണെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. സംഭവം നടന്ന് അഞ്ചുദിവസത്തിനുള്ളില്‍ പ്രതിയെ കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.