വിനോദസഞ്ചാരമേഖലയിൽ കണ്ണുംനട്ട് കൊല്ലം
text_fieldsകൊല്ലം: ടൂറിസം മേഖലയിൽ വമ്പൻ പ്രതീക്ഷകളുമായി കൊല്ലം. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്നും സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപ വികസന പദ്ധതി നടപ്പാക്കുമെന്നുമുള്ള ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം കൊല്ലത്തിനും പ്രതീക്ഷ നൽകുന്നതാണ്. കൊല്ലത്തിനും നിരവധി ടൂറിസം പദ്ധതികൾക്കായി സസ്ഥാന ബജറ്റിൽ തുക വകയിരുത്തി. 20 തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 500ലധികം ആളുകൾക്ക് ഒത്തുചേരാനുള്ള സൗകര്യം സജ്ജമാക്കാനായി 50 കോടിയാണ് ബജറ്റിൽ പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ കൊല്ലം, മൺറോത്തുരുത്ത് എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി ബജറ്റിൽ നീക്കിവെച്ചു. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. ഇതിലേക്ക് സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തെന്മല ഇക്കോ ടൂറിസം പദ്ധതിക്കായി രണ്ടുകോടിയും. ഇക്കോടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 1.90 കോടിയും ഉത്തരവാദിത്ത ടൂറിസം മേഖലക്കായി 15 കോടിയും വകയിരുത്തി. രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി. ജില്ലയുടെ ടൂറിസ ഭൂപടത്തിൽ പ്രധാന പങ്കുവഹിക്കുന്ന കായൽത്തീരങ്ങളെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കൽ, ജലോത്സവങ്ങൾ, പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, വള്ളംകളിയെ അന്താരാഷ്ട്ര നിലവാരമുള്ള കായികയിനമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടുകൂടി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗിനായി 9.96 കോടി വകയിരുത്തുന്നു.
കൊല്ലം-അഷ്ടമുടി, ആലപ്പുഴ-വേമ്പനാട് കായൽ ടൂറിസം പദ്ധതിക്ക് പുതുതായി രണ്ട് ഒരു സോളാർബോട്ട് അനുവദിച്ചു. ഇതിനുവേണ്ടി പുതുതായി ഒരു സോളാർബോട്ട് അനുവദിച്ചു. വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി 351.42 കോടിയും കെ.ടി.ഡി.സിക്ക് 12 കോടിയും നീക്കിവെച്ചു. ടൂറിസം ഡെസ്റ്റിനേഷനുകളിൽ റിഫ്രഷ്മെന്റ് സൗകര്യങ്ങൾ, ഇൻഫർമേഷൻ കിയോസ്കുകൾ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ട്രാവൽ ലോഞ്ചുകൾ നിർമിക്കുന്നതാണ്.
സഞ്ചാരികൾക്ക് ലോകോത്തര അനുഭവം പ്രധാനം ചെയ്യുന്നതിലൂടെ പ്രാദേശിക തൊഴിൽ സാധ്യതയും വരുമാനവും ഉറപ്പുവരുത്താനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി 136 കോടി വകയിരുത്തി.
പുനരുജ്ജീവന പദ്ധതിക്കായി 30 കോടി രൂപ
കൊല്ലം: പ്രധാന പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയെ താങ്ങിനിർത്താൻ 53.36 കോടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ. കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സഹായിക്കുന്നതിനുള്ള പ്രത്യേക പുനരുജ്ജീവന പദ്ധതിക്കായി 30 കോടി രൂപ നീക്കിവെക്കുമെന്നുംമന്ത്രി കെ.എന്. ബാലഗോപാല് ബജറ്റിൽ പറഞ്ഞു. ചെറുതും ഇടത്തരവുമായ കശുവണ്ടി ഫാക്ടറി യൂനിറ്റുകളുടെ പുനരുദ്ധാരണം സാധ്യമാക്കുന്നതിനും നഷ്ടപ്പെട്ട വരുമാനമാർഗം പുനഃസ്ഥാപിക്കുന്നതിനുമായി രണ്ടുകോടി രൂപ വകയിരുത്തി. ആഭ്യന്തര അസംസ്കൃത കശുവണ്ടിയുടെ ഉൽപാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി കേരള കശുമാവ് കൃഷി വികസന ഏജൻസിക്ക് 6.50 കോടി രൂപ വകയിരുത്തി.
കശുമാവ് കൃഷി ജില്ലയിൽ കുറവായതിനാൽ വടക്കൻ ജില്ലകൾ, അയൽ സംസ്ഥാനങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയാണ് ഇവിടെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ നിന്ന്, വിദേശത്തു നിന്നും അസംസ്കൃത കശുവണ്ടി ശേഖരിച്ച് കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയ്ക്ക് വിതരണം നടത്തുന്നതിനുവേണ്ടി രൂപവത്കരിച്ച സ്പെഷൽ പർപ്പസ് വെഹിക്കിളായ കേരള കാഷ്യൂ ബോർഡിന് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 166.70 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാഷ്യു ബോർഡിന് റിവോൾവിങ് ഫണ്ടായി 40.81 കോടി രൂപയും അനുവദിച്ചു.
ആശങ്കൾ ബാക്കി..
കൊല്ലം ജില്ലയിൽ കശുവണ്ടി സംസ്കരണത്തിനായി സ്ഥാപിച്ച നിരവധി ഫാക്ടറികളിൽ പലതും നിശ്ചലാവസ്ഥയിലാണ്. ഇതിന്റെ പുനരുദ്ധാണങ്ങൾക്കായി ഫണ്ട് അനുവദിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഫാക്ടറികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നവീകരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപനമൊന്നുംതന്നെയില്ല. സാമ്പത്തികമായി കൂപ്പുകുത്തുന്ന കശുവണ്ടി മേഖലയെ താങ്ങിനിർത്താൻ ബജറ്റ് പ്രഖ്യാപനത്തിലൂടെ കഴിയുമോ എന്ന ആശങ്കയിലാണ് തൊഴിലാളികളും വ്യവസായികളും.
മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ
കൊല്ലം: മത്സ്യബന്ധന മേഖലയുടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി വകയിരുത്തിയതിൽ ജില്ലക്ക് പ്രതീക്ഷ. തീരദേശ വികസനത്തിനായി 136.98 കോടിയും വകയിരുത്തി. തീരദേശവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പഠിക്കാനും പരിഹാരനടപടികൾ സ്വീകരിക്കാനുമായി സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളിൽ സംഘടിപ്പിച്ച തീരസദസ്സിലൂടെ ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച് സർക്കാർ ഉചിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി ഭൂമിയും വീടും നൽകുന്ന പദ്ധതിക്കായി 10 കോടി രൂപയും തീരദേശ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 10 കോടി രൂപയും നീക്കിവെച്ചു.
തീരശോഷണ ഭീഷണി നേരിടുന്ന മേഖലയിൽ തീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പുനർഗേഹം പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 40 കോടി രൂപ വകയിരുത്തിയത് കൊല്ലത്തെ തീരശോഷണം നേരിടുന്ന ജനതക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ്. മത്സ്യഫെഡിന്റെ നീണ്ടകരയിലെ പുതിയ വല ഫാക്ടറിക്കായി അഞ്ചുകോടി രൂപ അധികമായി വകയിരുത്തുകയും ചെയ്തു.
നിരവധി സമുദ്രോത്പന്ന കയറ്റുമതി കമ്പനികൾ നിലയുറപ്പിച്ചിട്ടുള്ള ജില്ലയാണ് കൊല്ലം. പ്രശസ്തമായ സമുദ്രോൽപന്ന കയറ്റുമതി ബിസിനസ് ഹബ്ബുകളിലൊന്നുമാണ്. ഈ സ്കീമിന്റെ സംസ്ഥാന വിഹിതമായി 22 കോടി രൂപ നീക്കിവെക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനാൽതന്നെ മത്സ്യബന്ധന മേഖലക്കും തീരദേശ മേഖലക്കും ബജറ്റിലെ പ്രഖ്യാപനങ്ങൾ കൊല്ലത്തെ മത്സ്യതൊഴിലാളികൾക്ക് ഉണർവേകും.
വാക്കുകളിൽ തലോടൽ; പക്ഷേ, തുകയെക്കുറിച്ച് മിണ്ടാട്ടമില്ല
കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ പ്രാധാന്യം വർദ്ധിക്കുന്ന കൊല്ലം തുറമുഖത്തിന് ഇക്കുറിയും ബജറ്റിൽ കാര്യമായ പരിഗണനയില്ല. 7.3 മീറ്റർ പ്രകൃതിദത്ത ആഴമുള്ള തുറമുഖത്തിന്റെ ആഴം കൂട്ടിയും പുതിയ വാർഫുകൾ നിർമ്മിച്ചും അനുബന്ധ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയും നോൺമേജർ തുറമുഖമായി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മാത്രമാണ് ബജറ്റിലെ പ്രഖ്യാപനം.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 63 കിലോമീറ്റർ വ്യവസായ ഇടനാഴി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായ കഴിഞ്ഞ വർഷത്തെ ബജറ്റിലെ പ്രഖ്യാപനത്തെ കുറിച്ച് ഇക്കുറി ഒരു പരാമർശവും ഉണ്ടായില്ല. ഇന്റർ നാഷനൽ മാരിടൈം ഓർഗനൈസേഷന് അനുശാസിക്കുന്ന ഐ.സി.പി.എസ് കോഡ് സർട്ടിഫിക്കേഷൻ ലഭ്യമായിട്ടുള്ള കൊല്ലം തുറമുഖത്തിന് കസംറ്റംസ് ക്ലിയറൻസും എമിഗ്രേഷൻ ചെക്ക് പോയന്റ് സ്റ്റാറ്റസും ലഭിക്കുന്നതിനുള്ള നടപടികൾ അന്ത്യഘട്ടത്തിലാണന്ന് മന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടികാട്ടിയെങ്കിലും പശ്ചാത്തല സൗകര്യ വികസത്തിന് കൊല്ലത്തിന് മാത്രമായി പ്രത്യേകം തുകയൊന്നും നീക്കിവെച്ചില്ല.
കൊല്ലത്തിനൊപ്പം അഴീക്കൽ, ആലപുഴ, പൊന്നാനി, ബേപ്പൂർ എന്നീ തുറമുഖങ്ങൾക്കെല്ലാം കൂടി 39.20 കോടിരൂപ നീക്കിവെച്ചതായി ബജറ്റിൽ പറയുന്നുണ്ട്. ചരക്ക് നീക്കം, ഗതാഗതം, വിനോദം എന്നിവക്കെല്ലാം കൂടിയാണ് ഈ തുക അനുവദിച്ചത്. സംസ്ഥാനത്തെ ഏഴ് കാഡാ കാനകളുടെയും ഫീൽഡ് ചാനലുകളുടെയും ഡ്രൈയിനുകളുടെയും നവീകരണത്തിന് 11.10 കോടിരൂപ അനുവദിച്ചതിൽ വാളയാറിലെ കാനയും ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ കല്ലട ഇറിഗേഷൻ പദ്ധതിയുടെ അറ്റകുറ്റപണികൾക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ബജറ്റ്; കൊല്ലത്തിന് അനുവദിച്ചത്
- അഷ്ടമുടി ജലഗതാഗതത്തിന് സോളാർ ബോട്ട്
- രാജ്യത്തെ രണ്ടാമത്തെ റസിഡൻഷ്യൽ കാമ്പസ് കൊട്ടാരക്കരയിൽ
- പി.എസ്.സിക്ക് സ്വന്തം കെട്ടിടം
- ധാതു മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ 5.57 കോടി
- മനുഷ്യ- വന്യമൃഗ സംഘർഷം തടയാൻ പദ്ധതി
- തുറമുഖത്തിന്റെ ആഴം കൂട്ടും
- തീരദേശത്തെ പുനർഗേഹം പദ്ധതിക്ക് കൂടുതൽ തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.