ബൈപാസ് എയര്‍പോർട്ടായി: റോഡിലിറങ്ങിയ വിമാനം കാണാന്‍ വന്‍ജനക്കൂട്ടം
text_fieldsഅഞ്ചാലുംമൂട്: കൊല്ലം ബൈപാസില്‍ കുരീപ്പുഴ ടോള്‍ പ്ലാസക്കു സമീപം വിമാനമെത്തിയത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കൗതുകക്കാഴ്ചയായി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വ്യക്തി ലേലത്തില്‍ പിടിച്ച വിമാന ഭാഗങ്ങള്‍ ഹൈദരാബാദിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോകും വഴി ഞായറാഴ്ച പുലര്‍ച്ച അഞ്ചിനാണ് ബൈപാസിലെത്തിയത്. ടോള്‍ പ്ലാസക്ക് 100 മീറ്റര്‍ അകലെയായിരുന്നു രാവിലെ വിമാനമടങ്ങിയ വാഹനം പാര്‍ക്ക് ചെയ്തത്.
നാട്ടുകാരിലാരോ വിമാനത്തിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലിട്ടതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമാനം കാണാന്‍ ആളുകളെത്തിത്തുടങ്ങുകയും പിന്നീട് ബൈപാസില്‍ കാഴ്ചക്കാരെ കൊണ്ട് നിറയുകയും ചെയ്തത്.
വഴിയരികില്‍ 'നിര്‍ത്തിയിട്ടിരിക്കുന്ന'വിമാനം കണ്ട് ബൈപാസ് വഴിവന്ന നിരവധി വാഹനങ്ങളും നിർത്തിയിട്ടു. 30 വര്‍ഷം മുമ്പ് ആകാശത്ത് പറന്ന എയര്‍ ബസ് പൊളിച്ച് വിൽപന നടത്താനായി ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്ക് ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദിൽ വിമാനത്തെ ഹോട്ടലാക്കി മാറ്റുകയാണിവരുടെ ലക്ഷ്യം. വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായാണ് ഇവ ഹൈദരാബാദിലെത്തിക്കുക.
വിമാനം കാണാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചതിനാല്‍ പൊലീസ് നിര്‍ദേശപ്രകാരം വൈകീട്ട് അഞ്ചിന് ടോള്‍ പ്ലാസക്ക് ശേഷമുള്ള ഭാഗത്തേക്ക് വിമാനമുള്ള ട്രെയിലറുകള്‍ മാറ്റിയിട്ടു.
അഞ്ചാലുംമൂട് പൊലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ക്രമീകരണം നടത്തി. രാത്രി ഒമ്പതോടെ യാത്ര പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.