അപകടക്കെണിയൊരുക്കി കേബിളുകൾ
text_fieldsകൊല്ലം: കേബിളുകൾ അലക്ഷ്യമായി പോസ്റ്റുകളിൽ കെട്ടിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി വീട്ടമ്മക്ക് പരിക്കേറ്റ സംഭവമുണ്ടായതോടെ, കൊല്ലം നഗരത്തിലടക്കം ജില്ലയിലാകെ അപകടകരമായി നിലകൊള്ളുന്ന കേബിളുകൾ പരിശോധിക്കേണ്ടതിലേക്ക് വിരൽ ചൂണ്ടപ്പെടുന്നു.
അലക്ഷ്യമായി കിടക്കുന്ന കേബിളുകളിൽ കുരുങ്ങി അപകടമുണ്ടാകാൻ സാധ്യതകളേറെയാണ്. പലസ്ഥലങ്ങളിലും ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നവരും കാൽനടക്കാരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. നിശ്ചിത ഉയരത്തിലല്ലാതെയാണ് കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്.
അനധികൃതമായി വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകളിലും സ്വകാര്യ സ്ഥലങ്ങളിലെ മരച്ചില്ലകളിലും മറ്റും വലിച്ചുകെട്ടിയ രീതിയിലാണ് കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ പോസ്റ്റുകളെല്ലാം കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ളതാണ്.
ബി.എസ്.എൻ.എലും പ്രാദേശിക കേബിൾ ടി.വി. സേവനദാതാക്കളും വൈദ്യുതിത്തൂണുകൾ ഉപയോഗിക്കുന്നുണ്ട്. കെ. ഫോൺ കേബിളുകൾക്കും ഇതേ പോസ്റ്റുകൾ ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. ഇതിൽ ബി.എസ്.എൻ.എല്ലിന്റെയും പ്രാദേശിക കേബിൾ സേവനദാതാക്കളുടെയും കേബിളുകളാണ് താഴ്ന്നുകിടക്കുന്നവയിലധികവും.
ഇവ കാലക്രമേണ അറ്റകുറ്റപ്പണി നടത്താത്തതിനാൽ തൂങ്ങിയാടുന്ന നിലയിലുമാണ്. കേബിളുകളിൽ കുരുങ്ങി യാത്രക്കാർ അപകടത്തിലാകുന്നത് തുടർക്കഥയാകുമ്പോഴും അധികൃതർ അറിഞ്ഞ ഭാവമില്ല. കഴിഞ്ഞദിവസം ലോറി തട്ടി പൊട്ടിയ കെ-ഫോൺ കേബിൾ വഴിയരികിൽ സ്കൂട്ടർ നിർത്തിയ യുവതിയുടെ ശരീരത്തിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
തഴവ തെക്കുംമുറി കിഴക്ക് ഉത്രാടത്തിൽ തുളസിയുടെ ഭാര്യ സന്ധ്യക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ, പുതിയകാവ്-ചക്കുവള്ളി റോഡിൽ തഴവ കൊച്ചുകുറ്റിപ്പുറം ജങ്ഷനിൽ വെച്ചായിരുന്നു അപകടം. സ്കൂട്ടറിൽ കാലുകുത്തി നിൽക്കുകയായിരുന്ന യുവതിയുടെ ശരീരത്തിലും സ്കൂട്ടറിലും ലോറിയിൽ കുടുങ്ങിയ കേബിൾ അപ്രതീക്ഷിതമായി ചുറ്റുകയായിരുന്നു.
യുവതി വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും അമിതവേഗത്തിലായിരുന്ന ലോറി കേബിളിനൊപ്പം യുവതിയെയും സ്കൂട്ടറും വലിച്ചുകൊണ്ട് മുന്നോട്ടുനീങ്ങുകയായിരുന്നു. അപകടത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമാണ്. കേബിൾ കുരുങ്ങി യാത്രക്കാർ അപകടത്തിൽപെടുന്ന സംഭവങ്ങളിൽ ഉത്തരവാദി ആ കേബിളുകൾ സ്ഥാപിച്ച കമ്പനികളാണെന്നാണ് അധികൃതർ നൽകുന്ന മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.