ഇന്ന് ആവേശം...കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികൾ
text_fieldsകൊല്ലം: തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം രണ്ടുനാൾ ശേഷിക്കെ ഇന്ന് ആവേശത്തിന്റെ കൊട്ടിക്കലാശം. കൊല്ലം ലോക്സഭ മണ്ഡലം മുഴുവനായും, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രദേശങ്ങളും ഉൾപെട്ട ജില്ലയിൽ പോരിന് ഊർജം പകർന്ന് സംസ്ഥാന-ദേശീയ നേതാക്കൾ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. അസുഖം കാരണം കുന്നത്തുനാടിലെ രാഹുൽ ഗാന്ധിയുടെ പരിപാടി മാറ്റിവെച്ചത് മാത്രമാണ് കല്ലുകടിയായത്. മുഖ്യമന്ത്രി ജില്ലയിൽ നാലിടത്താണ് സംസാരിച്ചത്.
പ്രതിപക്ഷനേതാവും വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ പര്യടനം നടത്തി. കൊല്ലം ലോക്സഭ മണ്ഡലത്തിലും മാവേലിക്കര മണ്ഡലത്തിൽ ഉൾപെട്ട പത്തനാപുരം, കൊട്ടാരക്കര, കുന്നത്തുനാട് മേഖലകളിലും ആലപ്പുഴയിൽ പെട്ട കരുനാഗപള്ളിയിലും ഇടത് പ്രചാരണമാണ് കൂടുതൽ ശക്തമായി അനുഭവപെട്ടത്.
മുകേഷ് എല്ലായിടങ്ങളിലും ജനകൂട്ടത്തെ ആകർഷിച്ച് തമാശകൾ ആസ്വദിപ്പിച്ചുമാണ് കടന്നു പോയത്. കരുനാഗപള്ളിയിൽ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ എത്തിച്ച് കെ.സി. വേണുഗോപാൽ സ്കോർ ചെയ്തു.
പ്രേമചന്ദ്രനായുള്ള പ്രചാരണം മങ്ങിയെങ്കിലും ജനങ്ങളുമായി ഇടപഴകിയുള്ള അദ്ദേഹത്തിന്റെ ശൈലി വേറിട്ടുനിന്നു. അവസാനം എത്തിയ സ്ഥാനാർഥിയാണങ്കിലും എൻ.ഡി.എയുടെ ജി. കൃഷ്ണകുമാറിന് മണ്ഡലമാകെ ഓളമുണ്ടാക്കാൻ കഴിഞ്ഞു. പ്രവർത്തകന്റെ കൈകൊണ്ട് കണ്ണിന് പോറലേറ്റത് മുതലെടുക്കാനുള്ള ശ്രമം ഒടുവിൽ അദ്ദേഹത്തിന്റെ ഇമേജിന് തന്നെ പോറലേൽപ്പിച്ചു എന്നത് വേറെകാര്യം.
മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാർഥികളായ അരുൺകുമാറും കൊടിക്കുന്നിൽ സുരേഷും ആവേശതിമർപ്പിന്റെ തരംഗങ്ങൾ തന്നെ ചിലയിടങ്ങളിൽ ഉയർത്തി. അതേ സമയം ബി.ഡി.ജെ.എസ് സ്ഥാനാർഥി ബൈജു കലാശാലയുടേത് മങ്ങിയ പ്രകടനമായിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥികൾക്കായി തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി മാത്രമാണ് ദേശീയ നേതൃത്വത്തിൽ നിന്ന് എത്തിയത്. ഇടതിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ തപൻ സെൻ, എം.എ. ബേബി, സുഭാഷിണി അലി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർ ഉൾപ്പെടെ വൻ നേതൃനിര ജില്ലയിൽ എത്തി.
എൻ.ഡി.എ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാജ് നാഥ് സിങ്, തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈ എന്നിവർ എത്തി. വിവിധ നിയോജക മണ്ഡലങ്ങളിൽ എം.എൽ.എ മാരുടെയും മറ്റും നേതൃത്വത്തിൽ റോഡ് ഷോ ഒരുക്കി അവസാന നാളുകൾ കൊഴുപ്പേകാൻ മുന്നണികൾ മുന്നിട്ടുനിന്നു.
വിവിധ കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങൾ ഒരുക്കി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചതിൽ മുന്നിട്ടു നിന്നതും ഇടത് മുന്നണിയാണ്. ഇന്ന് വിവിധ ഇടങ്ങളിൽ കൊട്ടികലാശത്തിന് മുന്നണി സ്ഥാനാർഥികളും അണികളും വൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.