നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നില്ല; റെയിൽവേ നിലപാടിൽ പ്രതിഷേധം
text_fieldsകൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ ട്രെയിനുകളുടെ നിർത്തലാക്കിയ സ്റ്റോപ് പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തം. കോവിഡ് സാഹചര്യം മാറി എല്ലാ മേഖലയും സാധാരണ നിലയിലേക്ക് വന്നുവെങ്കിലും റെയിൽവേ മാത്രമാണ് ‘കോവിഡ് മറയാക്കി’ ഇപ്പോഴും ജനങ്ങളെ വലക്കുന്നത്.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറിന്റെയും പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസിന്റെയും പെരിനാട് സ്റ്റോപ്, ചെന്നൈ എഗ്മോര്‍-കൊല്ലം എക്സ്പ്രസിന്റെ തെന്മല സ്റ്റോപ്, തെങ്കാശി-പാലക്കാട് പാലരുവി എക്സ്പ്രസിന്റെ തെന്മല, ആര്യങ്കാവ് സ്റ്റോപ്പുകൾ, മലബാര്‍ എക്സ്പ്രസിന്റെ മയ്യനാട് സ്റ്റോപ്, മംഗലപുരം-തിരുവനന്തപുരം എക്സ്പ്രസിന്റെയും ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിന്റെ പരവൂര്‍ സ്റ്റോപ് എന്നിവയാണ് ഇനിയും പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറാകാത്തത്.
ഇതുസംബന്ധിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ജനപ്രതിനിധികളുമടക്കം നിരവധി ഇടപെടൽ നടത്തിയെങ്കിലും ഫലം കാണാത്ത സ്ഥിതിയാണ്. കൊല്ലം ലോക്സഭ മണ്ഡലത്തില്‍ കോവിഡിനെ തുടര്‍ന്ന് റദ്ദ് ചെയ്ത ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വേഗം പുനഃസ്ഥാപിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്.
കോവിഡിനെ തുടര്‍ന്നുള്ള യാത്രാവിലക്കുകള്‍ നിലവിലുള്ള കാലത്തെ വരുമാനം കണക്കിലെടുത്താണ് സ്റ്റോപ്പുകള്‍ റദ്ദാക്കിയത്. കോവിഡിനുശേഷം ട്രെയിന്‍ സര്‍വിസുകള്‍ പൂർണമായി പുനഃസ്ഥാപിച്ചപ്പോള്‍ കോവിഡ് കാലത്തെ വരുമാനക്കുറവ് കണക്കിലെടുത്ത് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയത് നീതീകരിക്കാവുന്നതല്ല.
നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയത് മൂലം യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടിലാണ്. പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കാനും യാത്രാസൗകര്യം ഒരുക്കാനും റെയില്‍വേക്ക് ബാധ്യതയുണ്ട്.
എന്നാല്‍ ഇതിൽ നിന്ന് ഒഴിയുന്നതാണ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്ന നടപടി. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തരമായി സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.