വോട്ടർമാരേ, നിങ്ങളുടെ വിലയേറിയ ലൈക്കും ഷെയറും നൽകി...
text_fieldsകൊല്ലം: തെരഞ്ഞെടുപ്പുത്സവത്തിെൻറ പ്രചാരണവും വീറും വാശിയും മുതൽ കൊട്ടിക്കലാശംവരെ ഇനി മൊബൈൽ ഫോൺ മിനി സ്ക്രീനിൽ. ചൂണ്ടുവിരലിൽ മഷി പുരളുന്നതുവരെ ചർച്ച ചെയ്യാൻ വിഷയങ്ങളേറെ. കോവിഡ് തീർത്ത അനിശ്ചിതത്വത്തിൽ ഇക്കുറി പ്രചാരണങ്ങൾ സൈബർ ലോകം കേന്ദ്രീകരിച്ചതോടെ രാഷ്ട്രീയ പാർട്ടികളെല്ലാം തങ്ങളുടെ സൈബർ വിങ്ങിനെ എണ്ണയിട്ട യന്ത്രമാക്കി രൂപപ്പെടുത്തിക്കഴിഞ്ഞു. ജില്ലയിൽ സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ പ്രചാരണതന്ത്രങ്ങൾക്ക് ചൂടേറും. സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും ഒരുചുവട് മുന്നിൽ നിൽക്കാറുള്ള ഇടതുപാർട്ടികൾക്ക് ഒപ്പത്തിനൊപ്പം യു.ഡി.എഫും ബി.ജെ.പിയും ഇത്തവണയെത്തി.
ജില്ലയിൽ സി.പി.എം ഉൾപ്പെടെ ബൂത്തടിസ്ഥാനത്തിൽ വാർ റൂമുകൾ തുറന്നു. വാട്സ്ആപ് ഗ്രൂപ്പുകൾക്കും രൂപം നൽകിക്കഴിഞ്ഞു. ഇതിലൂടെ പ്രചരിപ്പിക്കാനുള്ള പോസ്റ്ററുകൾ തയാറാക്കാൻ 10 പേരടങ്ങുന്ന ടീമുകളുമുണ്ട്. 20 കുടുംബാംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളിലൂടെ പരമാവധി പ്രചാരണം സി.പി.എം ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസാകട്ടെ സംസ്ഥാനതലത്തിൽ ടെലഗ്രാമിൽ രൂപപ്പെടുത്തുന്ന പോസ്റ്ററുകൾ പ്രാദേശിക നേതാക്കളിലേക്കും അവിടെനിന്ന് ബൂത്തുതലങ്ങളിലേക്കും കൈമാറുകയാണ്.
പ്രാദേശികമായി വാർ റൂമുകൾ അവർക്ക് സജ്ജമായിട്ടില്ല. സ്വന്തമായി സർവേ നടത്താൻവരെ ശേഷിയുള്ള ഗ്രൂപ്പുകളുള്ള ബി.ജെ.പിക്ക് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണ്. സ്ഥാനാർഥി നിർണയം പൂർത്തിയായില്ലെങ്കിലും പ്രചാരണത്തിനുള്ള വിഷയങ്ങൾ സൈബർ വാർ റൂമുകൾ നിശ്ചയിച്ചുകഴിഞ്ഞു. വികസന പോസ്റ്ററുകളാണ് എൽ.ഡി.എഫിെൻറതെങ്കിൽ ഭരണപക്ഷത്തെ കെടുകാര്യസ്ഥതയും സ്വർണക്കടത്തുമൊക്കെയാണ് യു.ഡി.എഫിെൻറ വിഷയം. യു.ഡി.എഫിനെ കടന്നാക്രമിക്കാതെ എൽ.ഡി.എഫിനെതിരെയുള്ള ആരോപണങ്ങൾ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചാണ് എൻ.ഡി.എ പ്രചാരണം. പഴയ ശബരിമല വിഷയവും പൊടിതട്ടിയെടുക്കുന്നുണ്ടവർ. തദ്ദേശതെരഞ്ഞെടുപ്പാണെങ്കിലും പ്രാദേശിക വിഷയങ്ങൾ ചർച്ചക്ക് വരുന്നതായി കാണുന്നില്ല. നേരത്തേ പ്രചാരം നേടിയ ട്രോൾ ഗ്രൂപ്പുകൾ തനിനിറം കാട്ടി ഏതെങ്കിലുമൊരു പാർട്ടി പക്ഷത്തേക്ക് ചായുന്നതാണ് ഫേയ്സ്ബുക്കിൽ കാണുന്നത്. ഇത്തരം ന്യൂസ്, ട്രോൾ പേജുകൾ പാർട്ടികൾ വാങ്ങിയെന്നതാണ് പുതിയ വാർത്ത. പെയ്ഡ് പ്രമോഷനായി ഏജൻസികളും വട്ടമിട്ട് പറക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.