കഞ്ചാവ് കേസ്; പ്രതികൾക്ക് 40 മാസം വീതം കഠിനതടവ്
text_fieldsകൊല്ലം: വിൽപനക്കായി ബൈക്കിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 40 മാസം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ ഒരു മാസം കൂടി തടവനുഭവിക്കണം.
കൊല്ലം ഇളമ്പള്ളൂർ പെരുമ്പുഴ തുണ്ടുവിളവീട്ടിൽ ഷെഫീക്കി(27)നെയാണ് ശിക്ഷിച്ചത്. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. ഉദയകുമാറാണ് ശിക്ഷ വിധിച്ചത്. 2019 ജനുവരി രണ്ടിന് ഇളമ്പള്ളൂർ കുണ്ടറ കണ്ണനല്ലൂർ റോഡിൽ പെരുമ്പുഴ മൃഗാശുപത്രിക്ക് വടക്കുവശത്ത് െവച്ചാണ് 1.1 കിലോഗ്രാം കഞ്ചാവുമായി ഷെഫീക്ക് പിടിയിലായത്. വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.
കൊല്ലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. മധുസൂദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കൊല്ലം: വിൽപനക്കായി കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടിയ രണ്ട് പ്രതികൾക്ക് 40 മാസം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ ഒരുമാസം കൂടി തടവനുഭവിക്കണം. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി വി. ഉദയകുമാറാണ് പ്രതികളെ ശിക്ഷിച്ച് ഉത്തരവിട്ടത്. പുനലൂർ ഏരൂർ സജീർ മൻസിലിൽ ഷാജി(44), എഴുകോൺ ചരുവിള പുത്തൻവീട്ടിൽ നൗഷാദ്(42) എന്നിവരെയാണ് ശിക്ഷിച്ചത്.
2017 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് സംഘം സഞ്ചരിച്ച് വരവെ അഞ്ചൽ റോഡിൽ ഏരൂർ മുസ്ലിം ജമാഅത്ത് പള്ളിയുടെ കിഴക്ക് ഭാഗത്ത് രണ്ടുബൈക്കുകളിലായി ഇരുന്ന പ്രതികൾ പൊതി കൈമാറുന്നതിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ 1.1 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി. അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പുനലൂർ സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ കെ.പി. മോഹനനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.