കലക്ടറേറ്റ് സ്ഫോടനം: വിചാരണ ആഗസ്റ്റ് എട്ടുമുതൽ
text_fieldsകൊല്ലം: കലക്ടറേറ്റ് സ്ഫോടന കേസിലെ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആഗസ്റ്റ് എട്ടു മുതൽ 24 വരെ നടക്കും. ചൊവ്വാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിചാരണ തീയതി അറിയിച്ചത്. 2016 ജൂൺ 15നായിരുന്നു സ്ഫോടനം. ആദ്യഘട്ടത്തിൽ 86 സാക്ഷികളെ വിസ്തരിക്കും.
മധുര സ്വദേശികളും ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരുമായ അബ്ബാസ് അലി (32), ദാവൂദ് സുലൈമാൻ (27), കരിം രാജ (27), ഷംസുദ്ദീൻ (28) എന്നിവരാണ് പ്രതികൾ. തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിലാണ് ബോംബ് വെച്ചത്. ഒരാഴ്ച മുമ്പ് കരിംരാജ എത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും പകർത്തിയിരുന്നു.
ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തത്. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കരിംരാജ ബോംബുമായി കൊല്ലത്തെത്തി. ഇയാൾ തനിച്ചാണ് ജീപ്പിൽ ബോംബ് വെച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ഫോടകവസ്തു വെച്ചശേഷം കരിം രാജ തിരിച്ച് ബസ് സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ, സംഭവത്തിൽ പരിക്കേറ്റവർ, സംഭവസമയത്ത് കലക്ടറേറ്റ് വളപ്പിൽ ഉണ്ടായിരുന്നവർ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേസിലെ സാക്ഷികൾ. ആന്ധ്രയിലെ കടപ്പ ജയിലിൽ കഴിയുന്ന പ്രതികളെ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി കേരളത്തിലെ ജയിലിലേക്ക് മാറ്റും. പ്രതികൾക്കായി സ്വന്തം അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി. നേരത്തേ അഭിഭാഷകൻ ഇല്ലാതിരുന്നതിനാൽ കോടതി നിർദേശപ്രകാരം നീരാവിൽ എസ്. അനിൽകുമാറിനെ ലീഗൽ സർവിസസ് അതോറിറ്റി നിയോഗിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സേതുനാഥ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.