കൊല്ലം ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റിയിൽ കാർഡിയോളജി വിഭാഗം പൂട്ടി
text_fieldsകൊല്ലം: ഇ.എസ്.ഐ മേഖലയെ പടിപടിയായി ഞെരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കടുംവെട്ട് കൂടി പ്രാവർത്തികമായി. കൊല്ലം ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റിയിൽ കാർഡിയോളജി വിഭാഗത്തിന് ഒടുവിൽ അധികൃതർ പൂട്ടിട്ടു. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിച്ചിരുന്ന കാർഡിയോളജി വിഭാഗമാണ് കഴിഞ്ഞദിവസം അവസാനിപ്പിച്ചത്.
ഇന്ന് മുതൽ ഹൃദയസംബന്ധമായ അസുഖവുമായി വരുന്നവരും ജനറൽ മെഡിസിൻ ഒ.പിയിൽ ആണ് കാണിക്കേണ്ടത്. നൂറുകണക്കിന് ഹൃദ്രോഗികളെ ആണ് ഇതോടെ ഇവിടത്തെ വിദഗ്ധ ചികിത്സയിൽ നിന്ന് പടിയിറക്കിവിടുന്നത്. ഇ.എസ്.ഐ ആനുകൂല്യം കൈയിലുള്ള നിർധന രോഗികൾ ഇനി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായി.
ദിനംപ്രതി നൂറുകണക്കിന് രോഗികൾ വരെ എത്തിയിരുന്ന കാർഡിയോളജി വിഭാഗമാണ് പൂട്ടിയത്.
ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സ സൗകര്യങ്ങൾ ദിനവും 20 രോഗികൾക്ക് വരെ ആശ്വാസമൊരുക്കിയിരുന്നു. രണ്ട് വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭിച്ചിരുന്നു.
ഹൃദ്രോഗ പരിശോധന മുറിയായ കാത്ത് ലാബ് സ്വകാര്യ പങ്കാളിത്തത്തിൽ ആണ് ഒരു വ്യാഴവട്ടക്കാലമായി കൊല്ലം ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റിയിൽ പ്രവർത്തിച്ചിരുന്നത്. ഈ ലാബിന്റെ ലൈസൻസ് പുതുക്കാത്തതിനാൽ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായി എന്നാണ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ വിശദീകരിച്ചത്.
വൈകാതെ ഹൃദ്രോഗ വിഭാഗം ഇ.എസ്.ഐ വിഭാഗത്തിന്റെ പൂർണ ചുമതലയിൽ പുനരാരംഭിക്കാൻ ശ്രമമുണ്ടെന്നും അധികൃതർ പറയുന്നുണ്ട്. ഇതിനായി ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ, ഇപ്പോൾ നിലവിലുണ്ടായിരുന്ന കാത്ത് ലാബ് സൗകര്യം ഉൾപ്പെടെ ഉറപ്പാക്കി പൂർണരീതിയിൽ അത് എന്ന് യാഥാർഥ്യമാകും എന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ ആർക്കും കഴിയുന്നില്ല.
അതുവരെ പിടക്കുന്ന നെഞ്ചിടിപ്പുകളുമായി വിദഗ്ധ ചികിത്സ ആവശ്യമായ നിർധനർ ഉൾപ്പെടെ രോഗികൾ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ് ഈ പൂട്ടലോടെ വന്നിരിക്കുന്നത്. കൊല്ലത്തിന്റെ എം.പി ഉൾപ്പെടെ വിഷയത്തിൽ മൗനത്തിലായിരിക്കെ രോഗികൾക്ക് ആശങ്ക മാത്രമാണ് ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.