സി.ബി.എൽ: ഇന്ന് ആർപ്പുയരും, ആവേശവും
text_fieldsകൊല്ലം: അഷ്ടമുടിക്കായലിൽ ഇന്ന് ആവേശത്തിന്റെ ആഘോഷമാണ്. ആർപ്പുവിളികൾ ഉയർന്നുകേൾക്കുന്ന നിമിഷങ്ങളിൽ ജലരാജാവ് ആരെന്ന ചോദ്യത്തിലേക്ക് തുഴയെറിഞ്ഞ് ചുണ്ടൻപോര് മുറുകും. പ്രസിഡന്റ്സ് ട്രോഫിയുടെ ഗരിമയിൽ മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റെ ആരവമുയരുമ്പോൾ അഷ്ടമുടിതീരമൊന്നാകെ ആഘോഷക്കാഴ്ചകൾ നിറയുന്ന് ശനിയാഴ്ച കാണാം. ഇഞ്ചോടിഞ്ച് പോരിൽ പ്രസിഡന്റ്സ് ട്രോഫി ആര് റാഞ്ചും, ലീഗിന്റെ കൊമ്പൻ ആരാകും എന്നെല്ലാം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്ത് ബോട്ട് ജെട്ടിയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. ആദ്യം വള്ളങ്ങളുടെ മാസ്ഡ്രിൽ നടക്കും. സ്പീക്കർ എം.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയാകും. വ്യോമസേനയുടെ എയർഷോ 2.45ന് അരങ്ങേറും. എയർഷോയുടെ അവസാനഘട്ട ട്രയൽ റൺ വെള്ളിയാഴ്ച ആശ്രാമം മൈതാനത്ത് നടന്നിരുന്നു. എയർഷോ അവസാനിക്കുന്നതോടെ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ നടക്കും. ഒമ്പത് ചുണ്ടൻവള്ളങ്ങൾ മൂന്ന് വിഭാഗങ്ങളിലായി ഫൈനലിൽ ഇടംനേടാൻ ഹീറ്റ്സിൽ പോരാടും. തുടർന്ന് ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് പോരാട്ടമാണ്. മൂന്ന് വള്ളങ്ങളിൽ വനിതകളും മത്സരത്തിൽ ആവേശം വിതറും. ഇടവേളക്ക് ശേഷം 4.30 ഓടെ ചെറുവള്ളങ്ങളുടെ ഫൈനൽ നടക്കും. പിന്നാലെ ചുണ്ടൻവള്ളങ്ങളുടെ രണ്ട് ലൂസേഴ്സ് ഫൈനലുകൾ നടക്കും. 4.55ന് ആണ് നാട് കാത്തിരിക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ പോരാട്ടം.
ആര് കുതിക്കും, വീയപുരമോ നടുഭാഗമോ
അഷ്ടമുടിയിൽ ഇന്ന് ഇഞ്ചോടിഞ്ചാണ് പോരാട്ടം, ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ചാമ്പ്യൻപട്ടത്തിന് എന്തും സംഭവിക്കാം എന്ന നിലയിൽ ആണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പോയന്റ് പട്ടികയിലെ ആവേശം. ഇത്തവണത്തെ ലീഗിൽ 12 ചുണ്ടൻവള്ള മത്സരങ്ങളാണ് അരങ്ങേറിയത്. അവസാന ലീഗ് കിരീടപോരിൽ നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴയുന്ന വീയപുരം ചുണ്ടൻ ആണ് ഒന്നാമത്. ഹാട്രിക് കിരീടമാണ് പള്ളാത്തുരുത്തി ലക്ഷ്യമിടുന്നത്. ഏഴ് മത്സരങ്ങളിലെ ഒന്നാം സ്ഥാനത്തിലൂടെയും നാല് മത്സരങ്ങളിലെ രണ്ടാം സ്ഥാനങ്ങളിലൂടെയും നേടിയ 106 പോയന്റ് ബലത്തിലാണ് ലീഗിൽ പള്ളാത്തുരുത്തി മുന്നേറ്റം തുടരുന്നത്. ആലപ്പുഴ പുന്നമട, എറണാകുളം മറൈൻ ഡ്രൈവ്, തൃശൂർ കോട്ടപ്പുറം എന്നീ ആദ്യ മൂന്ന് പോരിലും പള്ളാത്തുരുത്തി ഒന്നാമതായി. അടുത്ത മൂന്ന് മത്സരത്തിലും രണ്ടാമതായെങ്കിലും ആലപ്പുഴ കൈനകരിയിൽ ജയം സ്വന്തമാക്കി.
കോഴിക്കോട് ബേപ്പൂരിൽ ഇത്തവണ ചുണ്ടൻവള്ളങ്ങളുടെ പോരാട്ടം നടക്കാത്തതിനാലാണ് ലീഗിൽ 12 മത്സരങ്ങളായത്. തുടർന്ന് നടന്ന മത്സരത്തിലും രണ്ടാമതായ പള്ളാത്തുരുത്തി കനത്ത തിരിച്ചുവരവാണ് പിന്നീട് കാഴ്ചെവച്ചത്. കായംകുളത്തും കല്ലടയിലും പാണ്ടനാടും ജേതാവായി ലീഗിൽ ആധിപത്യം നിലനിർത്തിയാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്.
പള്ളാത്തുരുത്തിക്ക് കനത്ത വെല്ലുവിളി നൽകി യുനൈറ്റഡ് ബോട്ട് ക്ലബിന്റെ(കോസ്റ്റ് ഡോമിനേറ്റേഴ്സ്) നടുഭാഗം ചുണ്ടൻ തൊട്ടുപിന്നാലെയുണ്ട്. നാല് പോയന്റ് മാത്രം ആണ് ഇരുവരും തമ്മിൽ വ്യത്യാസം. 102 പോയന്റുള്ള യുനൈറ്റഡ് ബോട്ട് ക്ലബ് നാല് വിജയങ്ങളാണ് ഇത്തവണ ലീഗിൽ സ്വന്തമാക്കിയത്. ആലപ്പുഴ പുന്നമടയിൽ നടന്ന ഒന്നാം മത്സരത്തിൽ മൂന്നാംസ്ഥാനത്ത് ആയതൊഴിച്ചാൽ എല്ലാ മത്സരങ്ങളിലും പള്ളാത്തുരുത്തിക്ക് ഒത്ത എതിരാളി ആയാണ് യുനൈറ്റഡ് മുന്നേറിയത്.
എറണാകുളം പിറവത്ത് നടന്ന നാലാം മത്സരത്തിൽ പള്ളാത്തുരുത്തിയും യുനൈറ്റഡും സമനിലയെന്ന് ആദ്യം പ്രഖ്യാപനം വന്നെങ്കിലും ഒരുലാപിൽ വന്ന പിഴവിൽ പള്ളാത്തുരുത്തിക്ക് അഞ്ച് സെക്കൻഡ് നഷ്ടമായത് യുനൈറ്റഡിനെ ഇത്തവണത്തെ ആദ്യ ഒന്നാം സ്ഥാനത്ത് എത്തിച്ചു. തുടർന്ന് തുടർച്ചയായി താഴത്തങ്ങാടിയിലും പുളിങ്കുന്നിലും ജേതാക്കളായി. കൈനകരിയിൽ രണ്ടാമതായപ്പോൾ കരുവാറ്റയിൽ തിരിച്ചടിച്ചു. ആ തിരിച്ചടി ഫൈനലിലും നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുനൈറ്റഡ് ബോട്ട് ക്ലബ്.
കഴിഞ്ഞവർഷം മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ തുഴഞ്ഞ് സി.ബി.എൽ ജേതാക്കളായെങ്കിലും അഷ്ടമുടിയെ ജയിച്ച് പ്രസിഡന്റ്സ് ട്രോഫി നേടാനായില്ല എന്ന സങ്കടം ഇത്തവണ മാറ്റണമെന്ന ലക്ഷ്യം കൂടി പള്ളാത്തുരുത്തി ബോട്ട് ക്ലബിനുണ്ട്. ആദ്യ സി.ബി.എൽ വിജയത്തിലേക്ക് പള്ളാത്തുരുത്തി തുഴയെറിഞ്ഞ നടുഭാഗം ചുണ്ടൻ തുഴഞ്ഞാണ് കഴിഞ്ഞ വർഷം എൻ.സി.ഡി.സി ബോട്ട് ക്ലബ് പ്രസിഡന്റ്സ് ട്രോഫി നേടിയത്.
അതേ നടുഭാഗം ഇത്തവണ യുനൈറ്റഡിന്റെ കരുത്താകുമ്പോൾ ഫൈനൽ പോര് ആവേശക്കൊടുമുടി കയറും എന്നുതന്നെയാണ് അഷ്ടമുടിയിലെ ആരവം വ്യക്തമാക്കുന്നത്.
ജേതാക്കൾക്ക് 25 ലക്ഷം
സി.ബി.എൽ ജേതാക്കൾക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം, മൂന്നാംസ്ഥാനത്തിന് 10 ലക്ഷം എന്നിങ്ങനെ നൽകും. പ്രസിഡന്റ്സ് ട്രോഫി ജേതാവിന് അഞ്ച് ലക്ഷം ആണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷവും ലഭിക്കും. സി.ബി.എൽ ജേതാവ് തന്നെ പ്രസിഡന്റ്സ് ട്രോഫിയും നേടിയാൽ രണ്ടും ചേർത്ത് 30 ലക്ഷമാണ് സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.