അവധിക്കാലം ആഘോഷിക്കാം കരുതലോടെ
text_fieldsകൊല്ലം: അവധിക്കാലമാണ്, ആഘോഷക്കാലവും. വിനോദയാത്രയും ബന്ധുവീട് സന്ദർശനവുമൊക്കെയായി ഏവരും പ്രത്യേകിച്ച് കുട്ടികൾ ആഹ്ലാദത്തിമിർപ്പിലാകുന്ന ദിനങ്ങൾ. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കൂടിക്കഴിഞ്ഞതോടെ വേനലവധിയുടെ അവസാനമാസം അടിച്ചുപൊളിക്കാൻ എത്തുന്നവരുടെ ഒഴുക്കാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ. ആവേശം എത്ര കൂടിയാലും കരുതലൊട്ടും കുറയാതെ വേണം കുടുംബവും കൂട്ടുകാരുമൊത്ത് അവധിയാഘോഷിക്കുന്നത്. കടലും കായലും വെള്ളച്ചാട്ടവും നദികളും പോലെ ജലസ്രോതസ്സുകൾക്ക് സമീപമാണല്ലോ മിക്കവാറുംപേരും ആഘോഷനിമിഷങ്ങൾ പങ്കിടാൻ പലപ്പോഴും തെരഞ്ഞെടുക്കുന്നത്. പറയുമ്പോൾ ദുരന്തമെന്ന് ട്രോൾ ചെയ്യാമെങ്കിലും ജലാശയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത വളരെ വലുതാണ്. പലരും പലപ്പോഴും സൗകര്യപൂർവം അത് കണ്ടില്ലെന്ന് നടിക്കുമ്പോൾ പൊലിയുന്ന ജീവനുകൾ വിലമതിക്കാനാകാത്തതാണെന്ന ഓർമയോടെ വേണം ഓരോ നിമിഷവും ആഘോഷിക്കാൻ. അൽപം ജാഗ്രത ആരെയും മുറിവേൽപിക്കില്ല, ഒരുപാട് ജീവിതങ്ങൾക്ക് സുരക്ഷയാകുകയേയുള്ളൂ.
വെള്ളം വെറും വെള്ളമല്ല
കടലിൽ കാൽ നനക്കാനിറങ്ങിയ ദമ്പതികൾ തിരയിൽപെട്ട് മരിച്ചു, ബന്ധുവീട്ടിൽ വിരുന്നെത്തിയ കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു, കുളിക്കാനിറങ്ങിയ യുവാക്കൾ കയത്തിൽപെട്ട് മരിച്ചു... എന്തെല്ലാം തലക്കെട്ടുകൾ മാറിമാറിവന്നാലും മുങ്ങിമരണങ്ങൾക്ക് മാത്രം അവസാനമാകുന്നില്ല. കഴിഞ്ഞയാഴ്ച ഒരുദിവസം മാത്രം ആറ് കുട്ടികളാണ് സംസ്ഥാനത്ത് മുങ്ങിമരിച്ചത്. അതിന് തൊട്ടടുത്ത ദിവസമാണ് കൊല്ലം ബീച്ചിൽ ഒരൊറ്റ മണിക്കൂറിൽ തിരയിൽപെട്ട 14 പേരുടെ ജീവൻ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷിച്ചത്. കുട്ടികളും മാതാപിതാക്കളും അടങ്ങിയ കുടുംബങ്ങളായിരുന്നു തലനാരിഴക്ക് ജീവിതക്കരയിലേക്ക് തിരിച്ചുകയറിയത്. കൊല്ലം പോലെ കൂടുതൽ ടൂറിസം മേഖലകളും ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള അപകട സാധ്യത മേഖലകളും ധാരാളം. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന കൊല്ലം ബീച്ച് തന്നെയാണ് അക്കാര്യത്തിൽ പ്രധാന ഉദാഹരണം. ജലാശയങ്ങളിലെ വെള്ളം കാണുമ്പോൾ ഒന്ന് കാൽ നനക്കാനുള്ള, കുളിക്കാനിറങ്ങാനുള്ള കൗതുകം ആർക്കുമുണ്ടാകാം, ശരിയാണ്. പേടിച്ചിരുന്നാൽ ജീവിതം ആസ്വദിക്കണ്ടേ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ആസ്വദിക്കാം, വെള്ളത്തിെൻറ സ്വഭാവം അറിഞ്ഞ് ആസ്വദിക്കണമെന്ന് മാത്രം.
ശാന്തമായി അടിച്ചെത്തുന്ന തിരക്കടിയിലാകും കടൽ ചിലപ്പോൾ മരണച്ചുഴി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. പുറമെനിന്ന് നോക്കിയാൽ ഓളംപോലും വെട്ടാത്ത പുഴക്കടിയിലെ അടിയൊഴുക്ക് നിലയില്ലാക്കയത്തിലേക്കാകും ചിലപ്പോൾ വാരിയെടുത്ത് കൊണ്ടുപോകുന്നത്. അങ്ങനെ പൊലിഞ്ഞ ജീവനുകൾ ഇപ്പോൾ എണ്ണിയാൽ ഒടുങ്ങാത്തതായിരിക്കുന്നു. എത്ര മികച്ച നീന്തൽവിദഗ്ധരാണെങ്കിലും പരിചിതമല്ലാത്ത കുളിക്കടവുകളിലേക്ക് ഇറങ്ങുന്നത് എപ്പോഴും അപകടം ഒരു കൈയകലെ എത്തിയേക്കാമെന്ന ചിന്തയോടെ വേണം. പരിചയമുള്ളവരെപോലും പലപ്പോഴും വെള്ളത്തിെൻറ അപ്രവചനീയത കീഴടക്കിക്കളയുന്നത് നമ്മൾ കാണുന്നതാണ്.
കൊല്ലം ബീച്ച് എന്ന അപകടതീരം
കൊല്ലത്തിന്റെ ടൂറിസം ഭൂപടത്തിലെ പകരംവക്കാനില്ലാത്ത മനോഹരതീരമായ കൊല്ലം ബീച്ച് സ്വദേശികളായ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അവധിയായാലും ഇല്ലെങ്കിലും ഇവിടേക്കുള്ള ആളൊഴുക്കിന് ഒരു കുറവുമുണ്ടാകാറില്ല. പതിനായിരക്കണക്കിന് പേർവരെ ഒത്തുചേരുന്ന സായാഹ്നങ്ങൾ സാധാരണം. എന്നാൽ, കാൽനനക്കാൻ ഇറങ്ങിയ നവദമ്പതികളുടെ ജീവൻവരെ അപഹരിച്ച അപകടതീരമാണ് ഇവിടമെന്ന് ആരും ഓർക്കാറില്ല. ഇവിടെ തിരകൾ വന്ന് മാടിവിളിച്ച് കൊണ്ടുപോകുന്നത് അപകടത്തിലേക്കാണെന്ന് ഇതിനകം നിരവധിപേർ അനുഭവം കൊണ്ട് പഠിച്ചുകഴിഞ്ഞു. സാധാരണ മീറ്ററുകളോളം ഇറങ്ങിനിന്നാലും അപകടമില്ലാത്ത ബീച്ചുകളിൽനിന്ന് വ്യത്യസ്തമായി തുടക്കം തന്നെ മണൽതിട്ടയും അപകടച്ചുഴികളുമാണ് കൊല്ലം ബീച്ചിൽ അപകടക്കെണിയൊരുക്കുന്നത്.
എന്നാൽ, ഇപ്പോഴും അത് ഉൾക്കൊള്ളാതെ എടുത്തുചാടുന്നവർ കാരണം ലൈഫ്ഗാർഡുകളും മത്സ്യത്തൊഴിലാളികളും ഇവിടെ പൊറുതിമുട്ടിയിരിക്കുകയാണ്.
സുരക്ഷിതമായ അഞ്ചിടങ്ങൾ
സാമ്പ്രാണിക്കോടി
കൊല്ലം ജില്ലയിൽ ഇപ്പോഴത്തെ 'ഹോട്ട് ടൂറിസം സ്പോട്ട്' ഏതെന്ന് ചോദിച്ചാൽ അത് ഈ കായൽതുരുത്താണ്. വെള്ളത്തിലിറങ്ങാൻ മനസ്സ് വെമ്പുന്നവർക്ക് സുരക്ഷിതമായി കായലിന്റെ ഒത്ത നടുവിൽതന്നെ മണിക്കൂറുകൾ ചെലവഴിക്കാം. ചെറിയ കുട്ടികളുമായിപോലും ഇവിടെ വെള്ളത്തിൽ വിശ്വസിച്ച് ഇറങ്ങാമെന്നതിനാൽ കുടുംബങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു ഇവിടം. കൂടുതൽ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്ന തിരക്കിലാണ് ജില്ല ഭരണകൂടവും ഡി.ടി.പി.സിയും.
കൊല്ലം അഡ്വൈഞ്ചർ പാർക്ക്
സാഹസികത അത്രക്ക് ഇഷ്ടമാണെങ്കിൽ ധൈര്യമായി ഇങ്ങോട്ടേക്ക് ഇറങ്ങിത്തിരിക്കാം. ഡി.ടി.പി.സി ഒരുക്കുന്ന സുരക്ഷയിൽ സാഹസിക ജലകേളികൾ ഉൾപ്പെടെ ആസ്വദിച്ച് തൃപ്തിയോടെ തിരിച്ചുപോകാം.
മൺറോതുരുത്ത്
സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗ്ലോബൽ ഡെസ്റ്റിനേഷൻ ടൂറിസം കേന്ദ്രമായ മൺറോതുരുത്ത് ചിരപരിചിതമാണ്. തുരുത്തുകൾക്കും കണ്ടൽകാടിനും ഇടയിലൂടെ വള്ളത്തിൽ മണിക്കൂറുകൾ കുടുംബവുമൊത്ത് ചെലവിടാം.
മലമേൽപ്പാറ
പ്രഭാതവും സായാഹ്നവും ഈ മലമുകളിൽ കാത്തുവച്ചിരിക്കുന്ന കാഴ്ച അതിമനോഹരം. അഞ്ചൽ ഇടമുളയ്ക്കലിൽ സ്ഥിതിചെയ്യുന്ന ഇവിടെ വേനൽക്കാലത്ത് ഉച്ചസമയത്ത് പോകാതിരിക്കുന്നതാണ് നല്ലത്. അൽപം ചാറ്റൽ മഴകൂടിയുള്ള സമയമാണെങ്കിൽ ഇവിടെ ചെലവഴിക്കുന്ന സമയം ഒരിക്കലും നിരാശപ്പെടുത്തില്ല.
മീൻപിടിപ്പാറ
പാറക്കെട്ടും വെള്ളവും നിറഞ്ഞ സ്ഥലത്ത് കുട്ടികൾക്കൊപ്പം സുരക്ഷിതമായി കുളിക്കാൻ ഇറങ്ങാൻ ഉൾപ്പെടെ സൗകര്യമുള്ള കൊട്ടാരക്കര മീൻപിടിപ്പാറ വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമായി മാറിക്കഴിഞ്ഞു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
യാത്രപോകുന്ന സ്ഥലം, സ്വന്തം ജില്ലയിലായാലും മറ്റ് ജില്ലകളിലായാലും കേരളത്തിന് പുറത്തായാലും, സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കുക. ഓൺലൈനിൽ പരതുമ്പോൾ ചിലപ്പോൾ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട പലതും കിട്ടിയെന്ന് വരില്ല. റോഡുകളുടെ അവസ്ഥ, ഗതാഗത സൗകര്യം, കാലാവസ്ഥ, ജലാശയങ്ങളുടെ അപകട സാധ്യത, താമസസൗകര്യങ്ങളിൽ ശ്രദ്ധിക്കേണ്ടവ എന്നിങ്ങനെ പല വിവരങ്ങളും പ്രാദേശികമായി അന്വേഷിച്ചാലേ അറിയാനാകൂ. ടൂറിസം കേന്ദ്രങ്ങളിൽ വിവരങ്ങൾ നൽകി സഹായിക്കാൻ ടൂറിസം ഇൻഫർമേഷൻ ഓഫിസർമാരും ട്രാവൽ ഏജന്റുമാരും ഉണ്ടാകും. യാത്ര തുടങ്ങുന്നതിന് അത്തരം ആളുകളിൽനിന്ന് വിവരങ്ങൾ തേടുക.
- സെൽഫിയും വിഡിയോയുമെല്ലാം എത്രത്തോളം സാഹസികമാകുമോ അത്രത്തോളം ലൈക്കും ഷെയറും കൂടും എന്ന അബദ്ധചിന്തയുമായി കഴിയുന്നവർ ധാരാളമുണ്ട്. കടലിലും ജലാശയങ്ങളിലും ഇറങ്ങി നിന്നും പാറകളുടെ അറ്റത്ത് പോയും ഒക്കെ സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി അത്തരം ചിത്രം പകർത്തലുകൾക്ക് മുതിരരുത്.
- യാത്ര പോകുന്ന സ്ഥലത്തെത്തിയാൽ അപകട സാധ്യതമേഖലകളെക്കുറിച്ച് പ്രാദേശികമായി വിശദമായി അന്വേഷിച്ചറിയുക. അത്തരം സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. അപകടമൊളിച്ചിരിക്കുന്ന ജലാശയങ്ങളിൽ ഇറങ്ങരുത്.
- അപകടസാധ്യത ബോർഡുകളെ ഒരിക്കലും അവഗണിക്കരുത്. സമാനമായി പ്രദേശവാസികളുടെയും ലൈഫ്ഗാർഡുകളുടെയും മുന്നറിയിപ്പുകളും ചെവിക്കൊള്ളുക. ആളുകൾ അടിച്ചുപൊളിക്കുന്നതിലെ അസൂയ കൊണ്ടല്ല അത്തരക്കാർ മുന്നറിയിപ്പ് നൽകുന്നതെന്ന് ഓർക്കുക.
- ടൂറിസം വകുപ്പ് സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിേലക്ക് മാത്രം വിനോദയാത്രകൾ പരിമിതപ്പെടുത്താം.
- അപൂർവ സ്ഥലങ്ങൾ തേടിയുള്ള യാത്ര അപകടത്തിലേക്ക് ആകരുത്. ആളുകൾ അധികംവരാത്ത കടൽതീരവും വെള്ളച്ചാട്ടവും അരുവികളും നദീമുഖങ്ങളും പാറക്കെട്ടുകളും ഒക്കെ തേടിപ്പോകുന്നവർ ഏറെയാണ്. അത്തരം സ്ഥലങ്ങളിൽ അപകടസാധ്യത ഏറെയാണെന്ന കാര്യവും മറക്കാതിരിക്കുക. അത്യാഹിതം ഉണ്ടായാൽ സഹായത്തിന് ആളെ ലഭിക്കാൻ പോലും അത്തരം സ്ഥലങ്ങളിൽ പ്രയാസമായിരിക്കും.
- കൗമാരക്കാർക്കിടയിൽ ജലാശയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണം അനിവാര്യം.
- വേനൽക്കാലയാത്രകളിൽ സുരക്ഷിതമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കാനും മറക്കേണ്ട. സൂര്യാതപം, ഇടിമിന്നൽ എന്നിവയെക്കുറിച്ചും ജാഗ്രത പാലിക്കണം.
- നഗരത്തിലെ പാർക്കുകളിൽ പോക്കറ്റടിയും മോഷണവും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടലുമൊക്കെ സംഭവിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ തങ്ങളുടെ വസ്തുവകകൾക്ക് പ്രത്യേകം ശ്രദ്ധ നൽകുക. ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ചും.
സുരക്ഷിതമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുക
സുരക്ഷിതമായി വിനോദസഞ്ചാരം നടത്താൻ പറ്റിയ ധാരാളം സ്ഥലങ്ങൾ കൊല്ലത്തുണ്ട്. മനോഹര തീരമാണെങ്കിലും കൊല്ലം ബീച്ചിൽ അപകടം ഒളിഞ്ഞിരിക്കുകയാണെന്നത് എല്ലാവരും മനസ്സിലാക്കണം. ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ അനുസരിച്ച് വേണം ഇത്തരം തീരങ്ങളിൽ വെള്ളത്തിലിറങ്ങാൻ. അപകടകരമായ രീതിയിൽ സെൽഫി പകർത്താൻ എത്തുന്നവരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉണ്ടാകുന്നത്. പൊലീസ് സഹായംപോലും തേടേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ആരും എത്തിച്ചേരാത്ത സ്ഥലങ്ങളിൽ അപകടസാധ്യതയും ഏറെയാണെന്ന് ഓർക്കുക. കുടുംബവുമൊത്ത് പോകാൻ സുരക്ഷിതമായ സൗകര്യങ്ങളുള്ള സ്ഥലങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
(ഡോ. രമ്യ ആർ. കുമാർ കൊല്ലം ഡി.ടി.പി.സി സെക്രട്ടറി)
മുന്നറിയിപ്പ് അവഗണിക്കുന്നത് അപകടങ്ങൾക്ക് കാരണം
കൊല്ലം തീരം തുടക്കത്തിൽതന്നെ മൂന്ന് മീറ്റർ ആഴമുണ്ട്. ശക്തമായ തിരമാലയും അടിയൊഴുക്കുമാണിവിടെ. വേലിയേറ്റം ശക്തമാകുന്ന ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായി കരയിലേക്ക് ഇടിച്ചുകയറും. അത്തരം ദിവസങ്ങളിൽ ആളുകൾ കാൽനനക്കാൻ ഇറങ്ങുന്നതുപോലും അപകടത്തിലേക്ക് നയിക്കും. ഇക്കാര്യം കുട്ടികളുമായി വരുന്നവരോട് പോലും പറഞ്ഞാൽ പലപ്പോഴും ചെവിക്കൊള്ളില്ല. അങ്ങനെയാണ് അപകടങ്ങൾ ഇവിടെ സ്ഥിരമാകുന്നത്. നവീകരണം നടന്നതോടെ ബീച്ചിന്റെ വലിപ്പം രണ്ട് കിലോമീറ്ററോളമായതും വലിയ വെല്ലുവിളിയാണ്.
നാല് പേർ മാത്രമടങ്ങുന്ന ലൈഫ് ഗാർഡ് സംഘമാണ് ഈ ദൂരമത്രയും നോക്കാൻ. തിരയിൽപെടുന്നവരെ അപ്പോൾതന്നെ ചാടി രക്ഷിച്ചാലേ ജീവൻ നഷ്ടപ്പെടാതിരിക്കൂ. മഴയായാലും വെയിലായാലും കലി തുള്ളി നിൽക്കുന്ന കടലിലേക്ക് ചാടി ജീവനുകൾ രക്ഷിക്കുന്നത് സ്വന്തം ജീവൻ പണയംവെച്ചാണ്. ബീച്ച് നിശ്ചിത പരിധി നിശ്ചയിച്ച് തരണമെന്ന് നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടതാണ്.
അതുപോലെ അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യംപോലും ഇവിടെയില്ല. കൂടുതൽ ആളുകൾ എത്തുന്ന കൊല്ലം പോലൊരു ബീച്ചിൽ രക്ഷാപ്രവർത്തകരുടെ എണ്ണം ഇതല്ല വേണ്ടത്. ബീച്ച് സുരക്ഷക്ക് ടൂറിസം പൊലീസ്, കാമറ, രക്ഷാപ്രവർത്തനത്തിന് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒക്കെ സ്വപ്നങ്ങളിലും നിവേദനങ്ങളിലും മാത്രമായി ഒതുങ്ങുന്നതാണ് പതിവ്.
(ഡോൾഫിൻ രതീഷ് ലൈഫ് ഗാർഡ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.