59.71 കോടിയുടെ ടൂറിസം പദ്ധതിക്ക് കേന്ദ്ര അനുമതി
text_fieldsകൊല്ലം: അഷ്ടമുടി കായലിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വിനോദസഞ്ചാര വികസനത്തിനായി 59.71 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ടൂറിസംവകുപ്പ് അനുമതി. ഇതുസംബന്ധിച്ച വിവരം വകുപ്പുമന്ത്രി സുരേഷ് ഗോപിയാണ് എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ അറിയിച്ചത്.
ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോ-റിക്രിയേഷന്‍ ക്ലബിന് സംസ്ഥാനങ്ങളുടെ മൂലധനനിക്ഷേപത്തിനുള്ള പ്രത്യേക ധനസഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. കൊല്ലം മറീന 6.01 കോടി, പുനര്‍ജനി കോംപ്ലക്സ് 5.19 കോടി, ഫ്ലോട്ടിങ് റസ്റ്റാറന്റ് 5.40 കോടി, ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് ട്രയല്‍സ് 7.08 കോടി, അഡ്വഞ്ചര്‍ പാര്‍ക്ക് 9.60 കോടി, ചില്‍ഡ്രന്‍സ് പാര്‍ക്ക് 11.31 കോടി, അഷ്ടമുടി ലേക്ക് വാക്ക് വേ 6.01 കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്.
ഇതിനുപുറമേ ജി.എസ്.ടിക്കായി 9.11 കോടി രൂപയും അധികമായി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ നിര്‍വഹണചുമതല പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിനാണ്.
കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിബന്ധനകള്‍ പ്രകാരം പദ്ധതി നടപ്പാക്കാനാണ് നിർദേശം. പദ്ധതിക്കാവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം. സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ പദ്ധതി പ്രകാരമുള്ള ഒരു തുകയും ചെലവഴിക്കാന്‍ പാടില്ല. പദ്ധതിക്കാവശ്യമായ പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ആര്‍ക്കിയോളജിക്കല്‍ സർവേ ഉള്‍പ്പെടെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ നേടണം. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദേശം.
2026 മാര്‍ച്ച് 31 വരെ മാത്രമേ പദ്ധതിക്കാവശ്യമായ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കൂ. പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിനും നിരീക്ഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിർദേശമുെണ്ടന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പദ്ധതിയുടെ ശരിയായ നടത്തിപ്പിനായി എസ്.എ.എസ്.സി.ഐ പ്രത്യേക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിന് സംവിധാനം ഒരുക്കുന്നതിനും ഭൂമി കണ്ടെത്തുന്നതിനും സംസ്ഥാനസര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.