ചടയമംഗലത്ത് ജ്വല്ലറിയിൽ പെപ്പർ സ്പ്രേ ചെയ്ത് മോഷണശ്രമം
text_fieldsചടയമംഗലം: ചടയമംഗലത്ത് ജ്വല്ലറിയിൽ ജീവനക്കാർക്കുനേരെ പെപ്പർ സ്പ്രേ ചെയ്ത് മോഷണശ്രമം. ചടയമംഗലം മഹാദേവർ ക്ഷേത്രത്തിന് പിന്നിലെ ജ്വല്ലറിയിൽ വെള്ളിയാഴ്ച പകൽ 12ഓടെയായിരുന്നു സംഭവം. സ്വർണമാല വാങ്ങാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ യുവതിയും യുവാവുമാണ് പ്രതികൾ. സ്വർണാഭരണങ്ങൾ തിരഞ്ഞ് കുറച്ചുനേരം കടയിൽ ചെലവഴിച്ചു ഇവർ. ഇതിനിടെ യുവതി രണ്ടുപവൻ തൂക്കം വരുന്ന മാല കൈക്കലാക്കി.
മാല കൈക്കലാക്കിയ ഉടൻ യുവാവ് പാന്റിന്റെ പോക്കറ്റിൽനിന്ന് പെപ്പർ സ്പ്രേ എടുത്ത് ജീവനക്കാരുടെ മേൽ സ്പ്രേ ചെയ്തു. എന്നാൽ, ഈ സമയം യുവതി മാല തൂക്കുന്നതിനുവേണ്ടി നൽകിയിരുന്നു. മോഷണത്തിനെത്തിയവരുടെ ടൈമിങ് തെറ്റിയതിനാൽ സ്വർണം നഷ്ടപ്പെട്ടില്ല.
വേഗത്തിൽ പുറത്തിറങ്ങിയ യുവതി ഇരുചക്രവാഹനമോടിച്ചെത്തുകയും യുവാവ് പിന്നിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ജ്വല്ലറി ഉടമ പിൻതുടർന്നെങ്കിലും ഇരുവരും രക്ഷപ്പെട്ടു. ചടയമംഗലം എസ്.എച്ച്.ഒ സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധർ പരിശോധന നടത്തുമെന്നും സി.സി ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും എസ്.ഐ മോനിഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.