ചടയമംഗലം സ്റ്റേഡിയം സ്വപ്നങ്ങളിൽ മാത്രം
text_fieldsചടയമംഗലം: കായികപ്രതിഭകൾ ഏറെയുള്ള ചടയമംഗലത്ത് സൗകര്യപ്രദമായ സ്റ്റേഡിയം എന്ന വർഷങ്ങൾ പഴക്കമുള്ള ആവശ്യം സ്വപ്നമായി തുടരുന്നു. ഒട്ടേറെ തവണ പഞ്ചായത്ത് പണം ചെലവഴിച്ചിട്ടും സ്റ്റേഡിയം പൂർത്തിയാക്കാനാത്ത നിലയിലാണ്. കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റിൽ സ്റ്റേഡിയം നിർമാണത്തിന് തുക അനുവദിച്ചു. പണിയും തുടങ്ങി. എന്നാൽ, ഇപ്പോൾ സ്റ്റേഡിയം നിർമാണം സ്തംഭനാവസ്ഥയിലാണ്.
ചടയമംഗലം-കടയ്ക്കൽ റോഡിൽ എം.ജി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്താണ് പഞ്ചായത്ത് വർഷങ്ങൾക്കുമുമ്പ് സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങിയത്. വയലായിരുന്ന സ്ഥലം വർഷങ്ങൾക്കുമുമ്പ് എം.സി റോഡ് പുതുക്കിപ്പണിത കരാറുകാരൻ സൗജന്യമായി നൽകിയ മണ്ണ് ഉപയോഗിച്ച് നികത്തിയിരുന്നു. ഇതിനിടയിൽ മാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ വിവിധ പദ്ധതികളിൽ ഉൽപ്പെടുത്തി നിർമാണം നടത്തിയെങ്കിലും പൂർത്തിയാക്കാത്ത നിലയിലാണ് സ്റ്റേഡിയം.
ഇതിനിടെ 2015 ൽ ജില്ല പഞ്ചായത്തിൽനിന്ന് ലഭിച്ച അരക്കോടി രൂപ കൊണ്ട് ഗാലറി നിർമിച്ചിരുന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ആയിരുന്നപ്പോൾ ആധുനിക സൗകര്യത്തോടെ സ്റ്റേഡിയം നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് മന്ത്രി ജെ. ചിഞ്ചുറാണി ബജറ്റിൽ പണം അനുവദിച്ചതായി പ്രഖ്യാപിച്ചു. സ്ഥലം മണ്ണിട്ട് വൃത്തിയാക്കിയതല്ലാതെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പലതവണ പഞ്ചായത്ത് സ്വന്തം നിലയിൽ ലക്ഷങ്ങൾ സ്റ്റേഡിയത്തിനായി ചെലവാക്കിയിട്ടും പ്രയോജനമുണ്ടായില്ല. കിഴക്കൻമേഖലയിൽ കായികപ്രതിഭകൾക്ക് ഉപയോഗപ്പെടുത്താൻ പറ്റുന്ന നിലയിലുള്ള സ്റ്റേഡിയം നിർമിക്കുന്നതിൽ തുടരുന്ന അലംഭാവത്തിൽ വ്യാപക പ്രതിഷേധമാണ് നാട്ടുകാർക്കിടയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.