വേനൽമഴ തകർത്തത് ബൈജുവിന്റെ അധ്വാനവും പ്രതീക്ഷയും
text_fieldsചടയമംഗലം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ കൃഷി നടത്തിയ നിലമേൽ കരുന്തലക്കോട് സ്വദേശി ബൈജുവിന്റെ അധ്വാനം വേനൽ മഴ തകർത്തു. അപ്രതീക്ഷിതമായി കാറ്റോടുകൂടി എത്തിയ വേനൽ മഴയിൽ മൂന്നേക്കർ സ്ഥലത്തെ 2500 ഓളം ഏത്തവാഴ കൃഷി പൂർണമായി നശിച്ചു. കുലച്ചതും അല്ലാത്തതുമായ വാഴകളാണ് പൂർണമായും നശിച്ചത്. ആയൂരിലെ യൂനിയൻ ബാങ്കിൽ നിന്നും നിലമേലിലെ കനറാ ബാങ്കിൽ നിന്നും കിട്ടിയ വായ്പ ഉപയോഗിച്ചാണ് ഇദ്ദേഹം വാഴകൃഷി വ്യാപിപ്പിച്ചത്.
കൃഷിഭവൻ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചതിൽ ഏഴു ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. നിലമേൽ കൃഷിഭവന്റെ ഏറ്റവും മികച്ച യുവകർഷകനുള്ള അവാർഡും ബൈജുവിനെ തേടിയെത്തിയിരുന്നു.
മന്ത്രി ജെ. ചിഞ്ചുറാണിയായിരുന്നു അവാർഡ് നൽകി ബൈജുവിനെ ആദരിച്ചത്. കൃഷി നൽകുന്ന സന്തോഷവും വരുമാനവും അംഗീകാരവും മൂലം പാട്ടത്തിനെടുത്ത എട്ടേക്കർ സ്ഥലത്താണ് ബൈജുവിന്റെ കൃഷി വ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.