ജഡായു ടൂറിസം; കരാറുകാരന്റെ സമരം കലക്ടറുടെ ഉറപ്പിൽ അവസാനിപ്പിച്ചു
text_fieldsചടയമംഗലം: ജഡായുപ്പാറ ടൂറിസത്തിന് മുന്നിൽ കരാറുകാരൻ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എല്ലാ രാഷ്ട്രീയകക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ടൂറിസം പ്രവർത്തനം സ്തംഭിച്ചു. കരാറുകാരൻ പി.ടി. മാത്യുവിന് നിർമാണ പ്രവർത്തി ചെയ്ത ഇനത്തിൽ ഏഴ് വർഷത്തിലധികമായി നൽകാനുള്ള പണം ജഡായുപ്പാറ മാനേജ്മെന്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
കഴിഞ്ഞ മാസം അവസാനം ടൂറിസത്തിന് മുന്നിൽ സമരം ആരംഭിച്ചെങ്കിലും സി.ഐയുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ മാനേജ്മെന്റ് നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിച്ചിരുന്നു.
പണം നൽകാമെന്ന് പറഞ്ഞ തീയതിയിലും മാനേജ്മെന്റ് വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും സമരം ആരംഭിച്ചത്. പണം ലഭിച്ചില്ലെങ്കിൽ ജഡായുപ്പാറ ടൂറിസം ഗേറ്റിനു മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് പി.ടി മാത്യു പറഞ്ഞിരുന്നു. എന്നിട്ടും പണം നൽകുവാൻ മാനേജ്മെന്റ് തയാറായില്ല. കഴിഞ്ഞദിവസം രാത്രി വൈകിയും, പകലും ചർച്ചകൾ നടന്നുവെങ്കിലും കരാറുകാരന് അനുകൂലമായി മാനേജ്മെന്റ് ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ടൂറിസത്തിന് മുന്നിൽ പന്തൽകെട്ടി കരാറുകാരൻ ആരംഭിച്ച സമരത്തിന് ജഡായുവിലെ തൊഴിലാളികളും പ്രദേശവാസികളും പിന്തുണ നൽകി.
ഇതോടെ ഒരു വാഹനവും ടൂറിസത്തിന് അകത്തേക്ക് കടത്തി വിട്ടില്ല. സമരം മുൻകൂട്ടി അറിയിക്കാത്തതിൽ ഏതാനും ടൂറിസ്റ്റുകൾ ജീവനക്കാരുമായി ഉണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു. കൂടുതൽ പൊലീസെത്തിയാണ് പിന്നീട് രംഗം ശാന്തമാക്കിയത്. കവാടം തടസ്സപ്പെടുത്തി സ്ഥാപിച്ച ബാനർ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയതിലും വൻ പ്രതിഷേധമുണ്ടായി. തുടർന്ന് ഉച്ചക്ക് ശേഷം കലക്ടർ വിഷയത്തിൽ ഇടപെട്ട് സമരക്കാരെ ചർച്ചക്ക് വിളിച്ചു.
കൊട്ടാരക്കര താലൂക്ക് ഓഫിസിൽ എ.ഡി.എമ്മിന്റെ നേതൃത്വത്തിൻ കൊട്ടാരക്കര ഡിവൈ.എസ്.പി, തഹസിൽദാർ, ചടയമംഗലം സി.ഐ തുടങ്ങിയവർ സമരസമിതി നേതാക്കളുമായും ടൂറിസം കമ്പനിയുടെ ചെയർമാൻ രാജീവ് അഞ്ചൽ, ഡയറക്ടർ ജയപ്രകാശ്, കരാറുകാരൻ പി.ടി മാത്യു തുടങ്ങിയവരുമായി ചർച്ചനടത്തി.
ഈ മാസം മുപ്പതിനകം മുഴുവൻ പണവും നൽകാമെന്നും അതുവരെ ജില്ല ഭരണകൂടം ഇടപെട്ട് കരാറുകാരനെതിരെയുള്ള ജപ്തി നടപടി നിർത്തിവെപ്പിക്കാമെന്നുമുള്ള എ.ഡി.എമ്മിന്റെ ഉറപ്പിൻ മേലാണ് വൈകീട്ടോടെ സമരം അവസാനിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിതീകരിച്ച് ശിവദാസൻപിളള, ഡി. സന്തോഷ് കുമാർ, മുസ്തഫ, എ.ആർ. റിയാസ്, മടത്തിൽ മോഹനൻപിള്ള, ശശിധരൻനായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.