വഴിയോരങ്ങളിൽ കണ്ണീർപ്പൂക്കൾ
text_fieldsചടയമംഗലം: ചിലര്‍ കണ്ണീരണിഞ്ഞു, മറ്റു ചിലർ മുദ്രാവാക്യം വിളിച്ചു. കൈകൂപ്പി നിന്നവരുമേറെ. പ്രിയ നേതാവിനെ ഒടുവിൽ ഒരു നോക്ക് കാണാനെത്തിയത് കോൺഗ്രസ് പ്രവർത്തകരോ അനുഭാവികളോ മാത്രമായിരുന്നില്ല. ഒരിക്കലെങ്കിലും ഉമ്മൻ ചാണ്ടി സർക്കാറിന്റെ ചെറിയ സഹായമെങ്കിലും ലഭിച്ച സാധാരണക്കാരായിരുന്നു.
വിലാപയാത്ര തിരുവനന്തപുരം നഗരം വിടും മുമ്പേ തന്നെ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് ചടയമംഗലം ടൗണിൽ എത്തിയത്. വിലാപയാത്ര എത്താൻ മണിക്കൂറുകൾ എടുക്കുമെന്ന് ഇടക്കിടെ നേതാക്കൾ അറിയിച്ചെങ്കിലും വീൽചെയറിൽ എത്തിയ ആളുകൾ വരെ ‘എത്ര നേരം കഴിഞ്ഞാലും കുഞ്ഞൂഞ്ഞിനെ കണ്ടിേട്ട മടങ്ങൂ’വെന്ന് വിളിച്ച് പറഞ്ഞത് കേട്ടവർക്കും ആവേശമായി. ജനസഞ്ചയം ടൗൺ നിറഞ്ഞ് നിന്നാണ് പ്രിയ നേതാവിനെ ഒടുവിൽ കണ്ടതും യാത്രയാക്കിയതും.
ചടയമംഗലത്തെ കോൺഗ്രസ് നേതാക്കളുമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഉമ്മൻ ചാണ്ടി അവരുടെ വീടുകളിലെ എല്ലാ വിശേഷങ്ങൾക്കും അതിഥിയായി എത്താറുണ്ടായിരുന്നു. ആ അടുപ്പം തന്നെയാണ് ഒടുവിലെ യാത്രയയപ്പിലും ചടയമംഗലത്ത് കണ്ടത്. ജടായുപാറ ടൂറിസം ഉൾപ്പെടെ ചടയമംഗലത്തെ വികസനങ്ങളിൽ ഏറെയെണ്ണത്തിലും ഉമ്മൻ ചാണ്ടിയുടെ ൈകയൊപ്പ് പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.