നിലമേലുകാർ കുതിക്കുന്നു, അൻസർ മാഷിന്റെ പവറിൽ
text_fieldsചടയമംഗലം: പരിശീലനത്തിന് മൈതാനം പോലും ഇല്ലാത്ത നിലമേൽ ഗ്രാമത്തിലെ കുട്ടികൾ ഇക്കുറി സംസ്ഥാന കായികമേളയിൽ അഞ്ച് മെഡലുകളാണ് സ്വന്തമാക്കിയത്. രണ്ട് വീതം സ്വർണവും വെള്ളിയും ഒരു വെങ്കല മെഡലും. അതിനും മുമ്പ് അങ്ങ് ചൈനയിൽ ഏഷ്യൻ ഗെയിംസിൽ പിറന്ന ഒരു സ്വർണമെഡലിനും നിലമേലിന്റെ തിളക്കമായിരുന്നു. ഒളിമ്പ്യൻ മുഹമ്മദ് അനസ് അടങ്ങിയ 4×400 മീറ്റർ റിലേ ടീം സ്വർണ മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയപ്പോൾ അത് ടി.വി സ്ക്രീനിൽ കണ്ട് നിറഞ്ഞുചിരിച്ച് ഒരു കായികാധ്യാപകൻ നിലമേലുണ്ടായിരുന്നു.
അൻസർ എന്ന ആ കായികാധ്യാപകനില്ലായിരുന്നെങ്കിൽ നിലമേൽ ഗ്രാമത്തിന് ഈ മെഡൽ നേട്ടങ്ങളെല്ലാം സ്വപ്നത്തിൽ പോലുമില്ലാത്ത കാര്യങ്ങളാകുമായിരുന്നു. കോച്ച് അൻസറിന്റെ സ്റ്റൈൽ സ്പോർട്സ് അക്കാദമിയിൽ ഏറെ നാൾ പരിശീലനം നടത്തിയ കുട്ടികൾ ഇപ്പോൾ കേരളത്തിലെ വിവിധ സ്പോർട്സ് ഹോസ്റ്റലുകളിൽ കായികലോകത്ത് ഉന്നതങ്ങളിൽ എത്താനുള്ള പരിശീലനത്തിലാണ്. പരിമിതികളിലും നിരവധി കുട്ടികളാണ് നിലമേലിൽ കായികപരിശീലനം നടത്തുന്നത്. സ്റ്റൈൽ സ്പോർട്സ് അക്കാദമിയാണ് വളർന്നുവരുന്ന കുട്ടികളെ കണ്ടെത്തി കായികപരിശീലനം നൽകുന്നത്.
റിയോ ഒളിമ്പിക്സിലേക്കുവരെ യോഗ്യത നേടിയ മുഹമ്മദ് അനസിനെ കായികതാരമാക്കി വളർത്തിയത് അയൽവാസിയും പരിശീലകനുമായ അൻസറാണ്. അനസിന്റെ സഹോദരൻ അനീസിനും സ്കൂൾ മീറ്റുകളിലടക്കം സമ്മാനങ്ങൾ നേടാൻ വഴികാട്ടിയായി. പുതുതലമുറയിൽ നിലമേൽ നെട്ടയം സ്വദേശി ആദിൽ, വളയിടം സ്വദേശിയായ സ്വാലിഹ്, വളയിടം സ്വദേശി സജൽ ഖാൻ, പാണംകോണം സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവർ സ്കൂൾ മീറ്റുകളിലും അത്ലറ്റിക് മീറ്റുകളിലും മെഡൽനേട്ടങ്ങളുമായി പ്രതീക്ഷകളായി വളരുകയാണ്. മുഹമ്മദ് അനസിനെപ്പോലെ നിലമേൽ എം.എം എച്ച്.എസ്.എസിലായിരുന്നു അൻസറിന്റെയും സ്കൂൾ പഠനം.
അഞ്ചൽ സെന്റ് ജോൺസ് കോളജിലെത്തിയതായിരുന്നു ജീവിതത്തിൽ വഴിത്തിരിവായത്. കോളജിലെ കായികാധ്യാപകൻ അൻസറിന്റെ കഴിവ് തിരിച്ചറിഞ്ഞ് ക്രിക്കറ്റിൽ നിന്ന് അത്ലറ്റിക്സിലേക്ക് വഴിമാറ്റി നടത്തി. ഗോൾഡ് മെഡലടക്കം നേടി വിജയ പട്ടികയിൽ ഒന്നാമനായ ശേഷമാണ് കോതമംഗലം അത്ലറ്റിക് അക്കാദമിയിൽ തുടർ പഠനത്തിനായി ചേർന്നത്. പിന്നീട് തമിഴ്നാട്ടിൽ നിന്ന് ഫിസിക്കൽ എജുക്കേഷൻ പഠനം പൂർത്തിയാക്കി 2007 മുതൽ ആറ്റിങ്ങൽ കുടവൂർ എ.കെ.എം ഹൈസ്കൂളിൽ കായികാധ്യാപകനായി.
സ്റ്റേഡിയം ഇല്ലാത്ത നിലമേലിൽ, ഏറെക്കാലം നിലമേൽ എൻ.എസ്.എസ് കോളജ് മൈതാനത്ത് ആയിരുന്നു കുട്ടികളുടെ കായിക പരിശീലനം. എന്നാൽ, ഒരു വർഷമായി കോളജിൽ പരിശീലനത്തിന് അനുമതിയില്ല. തിരക്കേറിയ എം.സി റോഡിലും പൊതുനിരത്തുകളിലും ഒക്കെ പരിശീലനം തുടർന്ന കുട്ടികൾക്ക് വേണ്ടി അൻസർ ചെറിയ രീതിയിലുള്ള ഹോം ഗ്രൗണ്ട് ഒരുക്കിയിരുന്നു. പരിമിത സൗകര്യങ്ങളോട് പൊരുതി ഇന്ത്യൻ കായികതാരങ്ങളുടെ പട്ടികയിലേക്ക് കൂടുതൽ പേരെ എത്തിക്കാനുള്ള പരിശ്രമം അൻസർ തുടരുകയാണ്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ബദറുദ്ദീന്റെയും സുഹ്റാബീവിയുടെയും മകനാണ്. കിളിമാനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ഗണിതശാസ്ത്ര വിഭാഗ അധ്യാപിക ഡോ. മാഗിയാണ് ഭാര്യ. മക്കൾ: ഇശൽ റിദ, ഇവാൻ ഹാദി, ഇദാൻ എമിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.