കാട്ടുപന്നിശല്യം രൂക്ഷം; ചടയമംഗലത്ത് ജനം ഭീതിയിൽ
text_fieldsചടയമംഗലം: ചടയമംഗലം പ്രദേശത്തെ വിവിധ മേഖലകളിലെ ജനങ്ങൾ കാട്ടുപന്നി ആക്രമണഭീതിയിൽ. ചടയമംഗലം കണ്ണകോട്, കടന്നൂർ, കിഴുതോണി, ഇട്ടിയക്കര, കുന്നുപുറം, കൊച്ചാലുംമൂട്, ആനപ്പാറ, പൊലീസ് മുക്ക് എന്നിവിടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൂട്ടമായും ഒറ്റക്കും എത്തുന്ന പന്നികളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പകൽസമയം റബർ തോട്ടങ്ങളും ചെറിയ കാട്ടുപ്രദേശങ്ങളുമാണ് ഇവയുടെ താവളം. കഴിഞ്ഞദിവസം പകൽ റബർപുരയിടത്തിൽ പാലെടുക്കാനെത്തിയ വയോധികക്ക് കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ച പാൽ-പത്ര വിതരണം, റബർ ടാപ്പിങ് ജോലികൾക്കിറങ്ങുന്നവർ ഭയപ്പാടിലാണ്. പത്രവിതരണക്കാർ പുലർച്ചയുള്ള വിതരണം ഉണ്ടാകില്ലെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. വ്യാപക നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായതിനാൽ വിവിധ ഇടങ്ങളിൽ കർഷകർ കൃഷി ചെയ്യുന്നില്ല. കർഷകരും നാട്ടുകാരും ജനപ്രതിനിധികൾക്കും പഞ്ചായത്ത് അധികൃതർക്കും പലതവണ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന ആക്ഷേപം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.