ചാനൽ റിപ്പോർട്ടറെയും കാമറമാനെയും ആക്രമിച്ചു
text_fieldsകൊല്ലം: വാഹനത്തിന്‍റെ ഹോൺ മുഴക്കിയതിന് മാധ്യമപ്രവർത്തകർക്ക് നേരെ നടുറോഡിൽ ആക്രമണം. 24 ന്യൂസ് വാർത്ത ചാനൽ വാർത്ത സംഘത്തെയാണ് സാമൂഹികവിരുദ്ധർ ആക്രമിച്ചത്. റിപ്പോർട്ടർ സലീം മാലിക്ക്, കാമറ അസിസ്റ്റന്‍റ് ശ്രീകാന്ത് എന്നിവരാണ് ആക്രമണത്തിനിരയായത്.
ബീച്ച് റോഡിലെ കൊച്ചുപിലാംമൂട്ടിൽ ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അക്രമി സംഘം കാറിനും കേടുപാടുവരുത്തി. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിനിരയായവർ പൊലീസിന് മൊഴിനൽകി. ആക്രമണ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽനിന്ന് പൊലീസിന് ലഭിച്ചു.
റിപ്പോർട്ടറും കാമറമാനും ഓണത്തിരക്ക് വാർത്ത ശേഖരിക്കാൻ ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെത്തിയതായിരുന്നു. റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനം മാറ്റുന്നതിനായി ഇവർ ഹോൺ മുഴക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മർദനമേറ്റ ഇരുവരെയും കൊല്ലം ജില്ല ആശുപത്രിയിലും തുടർന്ന്, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടണമെന്നും നിയമ നടപടി സ്വകീരിക്കണമെന്നുമാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ കൊല്ലം ജില്ല കമ്മിറ്റി, സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
പ്രതികളെ ഉടൻ പിടികൂടണമെന്നും ശക്തമായ നിയമ നടപടി സ്വകീരിക്കണമെന്നും കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡന്റ് ജി. ബിജു, സെക്രട്ടറി സനൽ ഡി. പ്രേം എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.