ആയിരങ്ങൾക്ക് ഭക്തിനിറവേകി അച്ചൻകോവിൽ രഥോത്സവം
text_fieldsപുനലൂർ: ആയിരങ്ങൾക്ക് ആത്മീയ അനുഭൂതിയേകി ചരിത്രപ്രസിദ്ധമായ അച്ചൻകോവിൽ രഥോത്സവം. പാലക്കാട് കൽപാത്തി ക്ഷേത്രം കഴിഞ്ഞാൽ പ്രശസ്തമാണ് അച്ചൻകോവിലിലെ രഥോത്സവം. ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച അരങ്ങേറിയ തേരു വലി (രഥം വലി) ദർശിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് എത്തിച്ചേർന്നത്.
ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രത്തിന് മുന്നിൽ പതിനെട്ടാം പടിക്ക് താഴെ അലങ്കരിച്ച രഥത്തിൽ ഉച്ചയ്ക്ക് 12.40 ഓടെ ക്ഷേത്ര മേൽശാന്തിമാരായ രാജേഷ് എമ്പ്രാന്തിരിയും, അനീഷ് പോറ്റിയും ചേർന്ന് അയ്യപ്പവിഗ്രഹം രഥത്തിൽ സ്ഥാപിച്ച് ആരതി ഉഴിഞ്ഞതോടെ രഥത്തിന്റെ ഒരു ഭാഗത്ത് സൗരാഷ്ട്ര ബ്രാഹ്മണരും, മറുഭാഗത്ത് തദ്ദേശിയരായ അയ്യപ്പഭക്തരും പിടിമുറുക്കി. പിന്നീട് നടന്ന രഥം വലിയിൽ മലയാളി അയ്യപ്പഭക്തർ രഥം പടിഞ്ഞാറോട്ട് ചലിപ്പിച്ച് ധർമ്മശാസ്താവിനെ സ്വന്തമാക്കി.
രഥോത്സവത്തിൽ സൗരാഷ്ട്ര ബ്രാഹ്മണർ രഥം കിഴക്കോട്ട് ഉരുട്ടികൊണ്ടു പോയാൽ ധർമ്മശാസ്താവ് തമിഴകത്തിന് സ്വന്തമെന്നും മറിച്ച് പടിഞ്ഞാറോട്ട് ഉരുട്ടികൊണ്ടു പോയാൽ മലയാളക്കരയ്ക്ക് സ്വന്തമെന്നുമാണ് ഐതീഹ്യം.
രഥത്തിന് മുന്നിൽ തങ്കവാൾ ഏന്തി ദേവസ്വം അധികാരി, രാജപ്രതിനിധി, അന്നക്കൊടി, കറുപ്പൻ തുള്ളൽ,ദേവസ്വം ഭാരവാഹികൾ, ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ അനുഗമിച്ചു.രഥം പടിഞ്ഞാറെ നടയിൽ എത്തിയപ്പോൾ കറുപ്പസ്വാമി പാണ്ടി വാദ്യത്തിന്റെ പാരമ്യതയിൽ ഉറഞ്ഞു തുള്ളി ഭക്തർക്ക് അനുഗ്രഹമേകി. രഥം ഉരുട്ടി ശ്രീകോവിലിന് മുന്നിൽ എത്തിയതോടെ രഥോത്സവം സമാപിച്ചു. തുടർന്ന് വിഭവസമൃദ്ധമായ സദ്യ, രാത്രി നാടകവും നടന്നു. ബുധനാഴ്ച രാവിലെ 10ന് തിരു: ആറാട്ടോടെ പത്ത് ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനമാകും.
രഥോത്സവ ചടങ്ങിൽ പന്തളം രാജപ്രതിനിധി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എൻ.ശ്രീധര ശർമ്മ, പുനലൂർ ഗ്രൂപ്പ് അസി.കമ്മീഷണർ ജെ.ഉണ്ണികൃഷ്ണൻ നായർ, സബ് ഗ്രൂപ്പ് ഓഫീസർ കെ. തുളസീധരൻ പിള്ള, ഉപദേശക സമിതി ഭാരവാഹികളായ എം.കെ.ഉണ്ണി പിള്ള, സുരേഷ് ബാബു, ഗീതാ സുകുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
മറ്റൊരു പ്രധാന അയ്യപ്പ ക്ഷേത്രമായ ആര്യങ്കാവ് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ തൃക്കല്യാണ മഹോത്സവം ബുധനാഴ്ച നടക്കും. കല്യാണത്തിന് മുന്നോടിയായ പാണ്ഡ്യമുടിപ്പ് (വിവാഹ നിശ്ചയം) ചൊവ്വാഴ്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.