ചാത്തന്നൂര്‍-പരവൂര്‍-പാരിപ്പള്ളി റോഡ് നിർമാണം; പൂർത്തിയായത് 18 ശതമാനം മാത്രം
text_fieldsചാത്തന്നൂർ: കേന്ദ്ര റോഡ് ഫണ്ടിന്റെ 22.2 കോടി രൂപ മുടക്കി വികസിപ്പിക്കുന്ന ചാത്തന്നൂര്‍-പരവൂര്‍-പാരിപ്പള്ളി റോഡിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി, ജി.എസ്. ജയലാല്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല സന്ദര്‍ശനം നടത്തി. ചാത്തന്നൂര്‍-പരവൂര്‍ റോഡ് 7.5 കിലോമീറ്ററും, പരവൂര്‍-പാരിപ്പള്ളി റോഡ് 10.25 കിലോമീറ്ററുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
തകര്‍ന്ന് കിടക്കുന്ന റോഡ് ബി.എം, ബി.സി ഓവര്‍ലേ ചെയ്ത് ഗതാഗത യോഗ്യമാക്കും. ക്യാരേജ് വേ ഉയര്‍ത്തി ഐറിഷ് ഡ്രെയിനുകള്‍, കള്‍വര്‍ട്ടുകള്‍, ഡ്രെയിനുകള്‍ എന്നിവ നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. ഷോള്‍ഡര്‍ കോണ്‍ക്രീറ്റിങ്ങും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ വെള്ളക്കെട്ടുണ്ടായിരുന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡിലെ മീനാട് വടക്കേമുക്ക് ഭാഗങ്ങളിലെ കലുങ്കുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
ഓട നിര്‍മാണം പുരോഗമിക്കുന്നു. റോഡ് ഇളക്കി ജി.എസ്.ബി, ഡബ്ല്യു.എം.എം എന്നിവ ഉപയോഗിച്ച് റോഡ് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണവും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 18 ശതമാനം പണിയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ക്രാഷ്ബാരിയര്‍, ഗതാഗത സുരക്ഷ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
പാരിപ്പള്ളിയിലെ വെള്ളക്കെട്ട്, പോളച്ചിറ ഏലായിലെ വെള്ളക്കെട്ട്, പാമ്പുറം, ഭജനമഠം, പരവൂര്‍ റെയില്‍വേ മേല്‍പാലത്തിനും ബൈപാസിനും ഇടയില്‍ വെള്ളക്കെട്ട്, ജ്യോത്സ്യര്മുക്ക് പാലമൂട് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് സംബന്ധിച്ചും നാട്ടുകാരില്‍നിന്ന് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ എം.പിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേര്‍ന്നു.
പാരിപ്പള്ളിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിലവിലെ പ്രവൃത്തിയില്തന്നെ ഉള്‍പ്പെടുത്തി പരിഹാരം ഉണ്ടാക്കണമന്നും പരാതി ഉയര്‍ന്ന മറ്റ് പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാങ്കേതിക പരിശോധന നടത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പോളച്ചിറ ഏലായിലെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ നിർദേശം സമര്‍പ്പിക്കണമെന്നും തീരുമാനിച്ചു.
പോളച്ചിറയിലെ പ്രശ്നം പരിഹരിക്കുന്നതിന് ഫണ്ട് കണ്ടെത്താന്‍ ആവശ്യമുള്ള പക്ഷം ഉദ്യോഗസ്ഥ തലത്തില്‍ ഉന്നതതല യോഗം ചേരേണ്ടതാണെന്നും നിർദേശിച്ചു. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും പുനരുദ്ധാരണത്തിനായി തുക കെട്ടിവെക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതതല ഉദ്യോഗസ്ഥറുടെ അടിയന്തര യോഗം ചേര്‍ന്ന് സത്വര നടപടി സ്വീകരിക്കാനും ധാരണയായി. റോഡിന്റെ വികസന പ്രവര്‍ത്തനം തടസ്സം കൂടാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.