പൈപ്പ് പൊട്ടി കുടിവെള്ളം ആകാശം മുട്ടെ
text_fieldsകുടിവെള്ള പൈപ്പ് പൊട്ടി വെള്ളം മുകളിലേക്ക് ചീറ്റിയപ്പോൾ
ചാത്തന്നൂർ: ദേശീയപാതയിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം അന്തരീക്ഷത്തിലേക്ക് ഉയർന്നത് മണിക്കൂറോളം പരിഭ്രാന്തിക്ക് ഇടയാക്കി.സംഭവസമയം റോഡിൽ ആരുമില്ലാത്തതിനാൽ അപകടം ഒഴിവായി. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജങ്ഷനിലാണ് ബുധനാഴ്ച ഉച്ചയോടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി ദശലക്ഷകണക്കിന് ലിറ്റർ കുടിവെള്ളം പാഴായത്.
പുനർനിർമാണം നടന്നുകൊണ്ടിരിക്കേ ഉച്ചയ്ക്ക് 12ഓടെ ദേശിയപാതയുടെ മധ്യ ഭാഗത്ത് കൂടി പോകുന്ന കൂറ്റൻ പൈപ്പ് ലൈൻ പൊട്ടുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി പുനലൂരിൽ നിന്ന് ഉപരിതല സംഭരണിയിലേക്ക് ജലം എത്തിക്കുന്ന കൂറ്റൻ പൈപ്പ് ലൈൻ പൊട്ടി ആകാശം മുട്ടെ വെള്ളമുയർന്നു.
ജനം കാഴ്ചക്കാരായി തടിച്ചുകൂടിയതോടെ പൊലിസെത്തി മുൻകരുതൽ സ്വീകരിച്ചു. ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു പൈപ്പ് ലൈനിന്റെ വാൽവ് അടച്ചതോടെ മണിക്കൂറുകൾക്കു ശേഷമാണ് വെള്ളമൊഴുകുന്നത് നിന്നത്. ദേശിയപാതയുടെ മധ്യഭാഗത്ത് കൂടി കൊട്ടിയം ഭാഗത്തേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈൻ ആണിത്.
പലതവണ ഈ പൈപ്പ് പൊട്ടിയതോടെ ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി പുതിയ പൈപ്പുകൾ എത്തിച്ച് നിർമാണ പ്രവർത്തി നടന്നുവരികയാണ്. അതിനിടെയാണ് വീണ്ടും പൊട്ടിയത്.കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ ഗതാഗതനിയന്ത്രണമുള്ള സ്ഥലമായതിനാൽ പൈപ്പ് പൊട്ടിയതോടെ വാഹനങ്ങൾ മെല്ലെപോക്കിലായി. ഇതോടെ ദേശിയപാതയിൽ ഗതാഗതം സ്തംഭിച്ചു. വെള്ളച്ചാട്ടം കാണുന്നതിന് ആളുകൾ കൂട്ടമായെത്തി.
സർവീസ് റോഡിലൂടെ എത്തിയ വാഹനങ്ങൾ വെള്ളച്ചാട്ടത്തിലൂടെ ഓടിച്ചു കഴുകിയതും കൗതുകമായി. ചിലരൊക്കെ നടുറോഡിൽ കുളിക്കാനും അവസരം വിനിയോഗിച്ചു. പല തവണ പൈപ്പ് പൊട്ടിയിട്ടും അറ്റകുറ്റപണികൾ സമയബന്ധിതമായി ചെയ്യാത്തത് മൂലം പല പ്രദേശങ്ങളിലും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ ദശലക്ഷക്കണക്കിനു ലീറ്റർ ജലം പാഴാകുന്നത് പതിവായി മാറിയിട്ടുണ്ട്.അലക്ഷ്യമായി റോഡ് കുഴിക്കുന്നതും പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടാൻ കാരണമാകുന്നു.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഉൾപ്പെടെ കൂറ്റൻ പൈപ്പ് ലൈൻ ആണ് പലതവണ പൊട്ടിയത്. റോഡ് നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചുമതല റോഡ് നിർമാണ കമ്പനിക്കാണ്.
അവർ കരാറുകാർക്കാണ്നൽകിയിരിക്കുന്നത്. പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തുന്നതിനു കരാർ സ്ഥാപനം കാലതാമസം വരുത്തുകയാണ്.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് മൂലം കോർപറേഷൻ ഭാഗത്തേക്കുള്ള ജലവിതരണവും മുടങ്ങി.ഏതാനും മാസം മുമ്പ് ചാത്തന്നൂർ ശീമാട്ടിക്ക് അടുത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഒരാഴ്ചയോളം കോർപറേഷനിലും മയ്യനാട് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.