മയക്കുമരുന്ന് വിപണന സംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു
text_fieldsചാത്തന്നൂർ: മയക്കുമരുന്ന് വിപണന സംഘങ്ങൾ ഏറ്റുമുട്ടി, വെട്ടേറ്റ് ഒരാൾക്ക് ഗുരുതരപരിക്ക്. കണ്ണേറ്റ സനോജ് മൻസിലിൽ സലീമിന്റെ മകൻ സനോജിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടനാട് ജയന്തി കോളനിയിൽ ലൈല മൻസിലിൽ ഷമീർ (28), അമീർ ( 26) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് ചാത്തന്നൂർ പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി 9.45ന് ശീമാട്ടി ജങ്ഷനിൽ വെച്ചാണ് സംഭവം. 14ഓളം മയക്കുമരുന്ന് വിപണന കേസുകളിൽ പ്രതിയായി കാപ്പചുമത്തി നാടുകടത്തിയതിനുശേഷം ജാമ്യത്തിൽ നിൽക്കുന്ന പ്രതിയായ സനോജ് കടയിൽനിന്ന് സാധനം വാങ്ങി സ്കൂട്ടറിൽ കയറവേ മുൻ വൈരാഗ്യത്തിന്റെ പേരിൽ അമീർ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈപ്പത്തി നഷ്ടമായ സനോജിനെ മറ്റൊരു സ്കൂട്ടറിലെത്തിയ ഷമീറും മഴുകൊണ്ട് അക്രമിച്ചു. ഇരുവരുടെയും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സനോജിനെ നാട്ടുകാരും
പൊലീസും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷമീറിനെ സംഭവ സ്ഥലത്തുവെച്ചും സമീറിനെ വൈകീട്ട് നാലിന് മാമ്പള്ളിക്കുന്നം ഏലാക്ക് സമീപത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണക്കേസിലടക്കം നിരവധി മയക്കുമരുന്ന് വിപണന കേസുകളിൽ പ്രതികളാണ് അമീറും ഷമീറും.
മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷമുണ്ടാവാൻ കാരണം. സനോജ് അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.