മയക്കുമരുന്നു സംഘങ്ങളുടെ താവളമായി പോളച്ചിറ ഏലാ
text_fieldsചാത്തന്നൂർ: പോളച്ചിറ ഏലായും പരിസരവും മദ്യപ, മയക്കുമരുന്ന് സംഘങ്ങളുടെ താവളമായതോടെ പൊലീസ്-എക്‌സൈസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യം ശക്തം. ചിറക്കരത്താഴം, പോളച്ചിറ, കുഴുപ്പിൽ എന്നിവിടങ്ങളിലെ ഏലാ ബണ്ട് റോഡുകളിലാണ് മദ്യപരുടെയും ലഹരിമരുന്ന് മാഫിയകളുടെയും ശല്യം രൂക്ഷം. ഇവർ തമ്മിൽ ദിവസേനയുള്ള ചേരിതിരിഞ്ഞുള്ള അക്രമങ്ങളും സംഘർഷവും പ്രദേശവാസികളെ ഭീതിയിലാക്കുന്നു.
മദ്യപരുടെ അർധരാത്രിവരെ നീളുന്ന ആർപ്പുവിളികളും സ്ഥലത്തെ ബൈക്ക് റേസിങ്ങും കാരണം നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. കുഴുപ്പിൽ ഏലായുടെ ഇരുബണ്ടുകളിലും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യത്തിന് രാപ്പകൽ വ്യത്യാസമില്ലെന്ന് നാട്ടുകാർ പറയുന്നു. മദ്യകുപ്പികൾ പൊട്ടിച്ച് നെൽവയലുകളിലും തോട്ടിലും ഇടുന്നതും പതിവാണ്.
പോളച്ചിറ ഉദയകലാ ജങ്ഷനിലെത്തുന്ന ലഹരിമരുന്നുസംഘങ്ങൾ ബൈക്കുകളും കാറുകളും ഇവിടെ ഒതുക്കിയിട്ട് ഇവിടെനിന്ന് കുഴിപ്പിൽ ഏലാ ബണ്ടിലെത്തി കാടുപിടിച്ചഭാഗങ്ങളിൽ തമ്പടിക്കുന്നതായാണ് പരാതി. ചിറക്കരത്താഴത്തെ സ്വകാര്യ ഡെയറിഫാമിനു താഴെ കുഴുപ്പിൽ ഏലാ ബണ്ടു റോഡിൽ ദൂരദേശത്തുനിന്നുപോലും കോളജ് വിദ്യാർഥികൾ ഉൾപ്പെടെ മദ്യപിക്കാൻ എത്തുന്നതായും നാട്ടുകാർ പറയുന്നു.
പൊലീസും എക്സൈസും സ്ഥിരമായി ഈ പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും വിശാലമായ പാടശേഖരമായതിനാൽ ലഹരിസംഘങ്ങളെ പിടികൂടാൻ പറ്റാത്ത അവസ്ഥയാണ്. പോളച്ചിറ ഏലാക്ക് കിഴക്കുഭാഗത്തും സമീപവും ലഹരിസംഘങ്ങളുടെ താവളമാണ്. മൂന്ന് പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന പോളച്ചിറയിൽ പൊലീസ്, എക്സൈസ് പട്രോളിങ് ശക്തമാക്കുന്നതിന് ജനപ്രതിനിധികളടക്കം ഇടപെടണമെന്ന ആവശ്യവും പ്രദേശവാസികൾ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.