എട്ടുവർഷം നീണ്ട നിർമാണം; ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനു സജ്ജം
text_fieldsചാത്തന്നൂർ: എട്ടുവർഷം നീണ്ട മാരത്തൺ നിർമാണത്തിനും വിവാദങ്ങൾക്കുമൊടുവിൽ ചിറക്കര ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 50 ലക്ഷം രൂപ അടങ്കൽ തുകയിൽ നിർമാണം ആരംഭിച്ച കെട്ടിടം ഇപ്പോൾ 1.4 കോടി രൂപ ചെലവാക്കിയാണ് പൂർത്തിയാക്കുന്നത്. ഇതിനിടെ നിർമാണ നിർവഹണ ഏജൻസികളും മാറിമാറി വന്നു എന്നതാണ് വിചിത്രം.
പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിച്ചതു മുതൽ വാടകക്കെട്ടിടത്തിലായിരുന്നു. ചിറക്കരതാഴം സ്വദേശിയായ ഡോ. രവീന്ദ്രൻ എന്ന മനുഷ്യസ്നേഹി പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിനായി സ്വന്തം വസ്തുവിൽനിന്നും 50 സെന്റ് സൗജന്യമായി പഞ്ചായത്തിന് വിട്ടു കൊടുത്തു.
വസ്തു നിരപ്പാക്കുന്നതിന്റെ പേരിൽ പഞ്ചായത്ത് ഭരണസമിതിയുടെ മൗനാനുവാദത്തോടെ ആയിരക്കണക്കിന് ലോഡ് മണ്ണ് ഇവിടെനിന്ന് കടത്തിയെന്ന ആരോപണവും നിലനിൽക്കുന്നു. കെട്ടിട നിർമാണത്തിന് സൗജന്യമായി വസ്തു വിട്ടുനൽകിയ വ്യക്തിയുടെയും പരിസരത്തെയും പുരയിടവും ഇതോടെ ഇടിഞ്ഞു താഴ്ന്നു.
2015 -ൽ അന്നത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹണി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്.
ജി.എസ്. ജയലാൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് മൂന്നു ഘട്ടമായാണ് തുക അനുവദിച്ചത്. തുക അനുവദിക്കുന്നതിനുണ്ടായ കാലതാമസമാണ് കെട്ടിട നിർമാണം ഇത്രയേറെ നീണ്ടതിനു കാരണമെന്നാണ് പഞ്ചായത്ത് ഭരണസമിതിക്കാരുടെ ആരോപണം.
ആദ്യഘട്ടത്തിൽ 70 ലക്ഷം രൂപയാണ് നൽകിയത്. 2019ൽ താഴത്തെ നിലയുടെ നിർമാണം തുടങ്ങി. പൊതു മരാമത്ത് വകുപ്പാണ് മേൽനോട്ടം വഹിച്ചത്. രണ്ടാം ഘട്ടത്തിൽ 35 ലക്ഷം രൂപ അനുവദിച്ചു. ഇതുപയോഗിച്ച് ഒന്നാം നിലയുടെ നിർമാണം തുടങ്ങി. നിർമാണം തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു. മൂന്നാം ഘട്ടത്തിൽ അനുവദിച്ച 35 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും പൊതുമരാമത്ത് വകുപ്പിനായി.
അങ്ങനെ മാറിയും തിരിഞ്ഞും നിർവഹണ ഏജൻസികളെ മാറ്റിയാണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് ഇരുനില കെട്ടിടം നിർമിച്ചത്.
വിശാലമായ ലാബ് സംവിധാനവുമൊരുക്കിയിട്ടുണ്ട്. വൈകീട്ട് (ഒ.പി പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ചും ആലോചന തുടങ്ങിയിട്ടുണ്ട്. പാലിയേറ്റിവ്, കുട്ടികൾക്കുള്ള കുത്തിവെപ്പ് എന്നിവക്കും വിശാലമായ ഇടം സജ്ജമാക്കിയിട്ടുണ്ട്. 21ന് വൈകീട്ട് മൂന്നിന് മന്ത്രി വീണാ ജോർജ് കെട്ടിടം ഉദ്ഘാടനം നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി അറിയിച്ചു.
എം.പിക്കെതിരായ നീക്കം ആസൂത്രിതമെന്ന്
ചാത്തന്നൂർ: ചിറക്കര പി.എച്ച്.സി ഉദ്ഘാടനത്തിന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പങ്കെടുപ്പിക്കാതിരിക്കാനുള്ള നീക്കം ആസൂത്രിത തീരുമാനമാണെന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി നേതാക്കൾ ആരോപിച്ചു. ജില്ലയിലെ പൊതു ചടങ്ങുകളിൽ നിന്നു എം.പിയെ ഒഴിവാക്കിയാൽ തെരെഞ്ഞെടുപ്പിന് നേട്ടം കൊയ്യാമെന്നുള്ളത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അവർ പറഞ്ഞു.
പി.എച്ച്.സിയുടെ നിർമാണം ആരംഭിച്ചത് മുതൽ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടുണ്ടെന്നും പാർലമെന്ററി പാർട്ടി നേതാവ് കെ.സുജയ്കുമാർ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ എം.പിയെ പങ്കെടുപ്പിക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു യു.ഡി.എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കും. 19 ന് വൈകീട്ട് അഞ്ചിന് ചിറക്കരത്താഴം ജങ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.