ചാത്തന്നൂരിൽ ഗ്രാമവണ്ടി സർവിസ്
text_fieldsചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ആന്റണി രാജു നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു പദ്ധതി വിശദീകരിച്ചു. ബസ് സർവിസില്ലാത്ത നാട്ടുവഴികളിലായിരിക്കും ഗ്രാമവണ്ടി സർവിസ് നടത്തുക. പദ്ധതിക്കായി പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 15 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് രാവിലെ സർവിസ് തുടങ്ങുന്ന ബസ് ചേന്നമത്ത് മഹാദേവക്ഷേത്രം, പാളവിള വഴി ഏഴിനും ഏഴരക്കും മധ്യേ മരക്കുളത്ത് എത്തിച്ചേരും. മരക്കുളത്തുനിന്നാരംഭിക്കുന്ന സർവിസ് വരിഞ്ഞം, നടയ്ക്കൽ, കല്ലുവാതുക്കൽ, കശുവണ്ടി ഓഫിസ് ജങ്ഷൻ, എം.സി. പുരം, മീനാട് പാലമുക്ക്, നെടുങ്ങോലം ഗവ. താലൂക്ക് ആശുപത്രി ജങ്ഷനിൽ എത്തിയശേഷം തിരികെ ചാത്തന്നൂർ ടൗണിലെത്തും. തുടർന്ന് ശീമാട്ടി, ചേന്നമത്ത് മഹാദേവക്ഷേത്രം, ചാത്തന്നൂർ ജങ്ഷൻ വഴി രാവിലെ 9.30ഓടെ കൊട്ടിയത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെയുള്ള സർവിസ് കഴിഞ്ഞ് ചാത്തന്നൂർ ഡിപ്പോയിലെത്തിച്ചേരുന്ന ബസ് വൈകീട്ടും സർവിസ് നടത്തും. വൈകീട്ടുള്ള ബസ് സർവിസ് സമയക്രമത്തിൽ തീരുമാനമായിട്ടില്ലെന്ന് ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.