ജപ്പാൻ കുടിവെള്ള പദ്ധതി; ഊറാംവിളയിൽ പൈപ്പ് മാറ്റൽ തുടങ്ങി
text_fieldsചാത്തന്നൂർ: ദേശീയപാത പുനർനിർമാണ പ്രവർത്തനങ്ങൾക്കിടെ പൊട്ടിയ കുടിവെള്ള പൈപ്പ് മാറ്റുന്ന ജോലികൾ തുടങ്ങി. ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പുനലൂരിൽ നിന്നുള്ള പ്രധാന പൈപ്പാണ് ഊറാംവിളയിൽ വെള്ളിയാഴ്ച രാത്രി തകർന്നത്. ദേശീയപാത അടിപ്പാത നിർമാണത്തിനിടെയാണ് സംഭവം.
പൈപ്പ് പൊട്ടി മണിക്കൂറുകൾക്കുള്ളിൽ പരിസരത്തെ വീടുകളിൽ വെള്ളം കയറി. പരിസരമാകെ വെള്ളം പൊങ്ങുകയും ചെയ്തു. കൊല്ലം നഗരത്തിലും പരിസര പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങി. പുനലൂരിൽ നിന്ന് പമ്പിങ് നിർത്തിയ ശേഷം വാൽവുകൾ പൂട്ടി കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്ത് മാറ്റിയിട്ടാണ് പൈപ്പ് മാറ്റുന്ന ജോലികൾ തുടങ്ങിയത്. ദേശീയപാത അധികൃതരുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് ജോലികൾ നടക്കുന്നത്.
ജലഅതോറിറ്റി അധികൃതരുടെ സാന്നിധ്യമില്ലാതെ നിർമാണപ്രവർത്തനം നടത്തുന്നതാണ് പൈപ്പ് പൊട്ടാൻ കാരണം. എവിടെയാണ് പൈപ്പ് ലൈൻ ഉള്ളതെന്ന് അറിയാത്തതിനാൽ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുമ്പോൾ പൈപ്പുകൾ പൊട്ടലാണ് പതിവ്. ദേശീയപാത പുനർനിർമാണം ആരംഭിച്ചശേഷം അമ്പതോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്.
രണ്ടുമാസം മുമ്പ് ഉമയനല്ലൂരിലും കഴിഞ്ഞയാഴ്ച കല്ലുവാതുക്കലിലും ഇങ്ങനെ കുടിവെള്ളം പാഴായിരുന്നു. റോഡ് പുനർനിർമാണം ആരംഭിച്ചതിനെ തുടർന്ന് വെള്ളം ഒഴുകിപ്പോകാനായി ഉണ്ടായിരുന്ന ഓടകളും മറ്റും മൂടിയതാണ് ഊറാംവിളഭാഗത്ത് വെള്ളം കയറാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.