ഉദ്ഘാടനം കാത്ത് കല്ലുവാതുക്കൽ മണ്ണയം കുടിവെള്ള പദ്ധതി
text_fieldsചാത്തന്നൂർ: കോടികൾ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം കാത്ത് നോക്കുകുത്തിയായി നിലകൊള്ളുന്നു. ദാഹനീർ ചാത്തന്നൂർ പദ്ധതിയിലുൾപ്പെടുത്തി കിഫ്ബി ധനസഹായത്തോടെ നിർമിച്ച കല്ലുവാതുക്കൽ മണ്ണയം കുടിവെള്ള പദ്ധതിയാണ് ഉദ്ഘാടനം കാത്ത് നിലകൊള്ളുന്നത്. പഞ്ചായത്തിൽ ജലവിതരണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഉദ്ഘാടനം നടന്നിട്ടില്ല.
കിഫ്ബിയിൽ നിന്നുള്ള 28 കോടി മുടക്കി നിർമാണം പൂർത്തിയാക്കിയതാണ് കല്ലുവാതുക്കൽ മണ്ണയം കുടിവെള്ള പദ്ധതി. വേനലായാൽ ജലക്ഷാമം നേരിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ പദ്ധതിയിലൂടെ 7.5 ദശലക്ഷം ലിറ്റർ വെള്ളം ദിവസവും വിതരണം ചെയ്യാനാകും. ഇത്തിക്കരയാറിന്റെ ഭാഗമായ അടുതലയിൽനിന്ന് വെള്ളം നാല് കിലോമീറ്റർ ദൂരത്തിലുള്ള ഉയർന്ന സ്ഥലമായ മണ്ണയത്തെ ജലസംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ച് കല്ലുവാതുക്കൽ പഞ്ചായത്തിലെ 23 വാർഡുകളിലും എത്തിക്കുകയാണ് പദ്ധതി.
കിണർ, പമ്പ് ഹൗസ്, അനുബന്ധമായി ലീഡിങ് പൈപ്പുകൾ ഇടൽ, 110 കുതിരശക്തി പമ്പ് സെറ്റ് സ്ഥാപിക്കൽ, 400 കെ.വി.എ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, ഇലക്ട്രിക്കൽ ജോലികൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, ഒമ്പത് ലക്ഷം ലിറ്റർ ശേഷിയുള്ളതും 11.3 ലക്ഷം ലിറ്റർ ശേഷിയുള്ളതുമായ രണ്ട് ജലസംഭരണികൾ, മണ്ണയത്തെ പുതിയ തടയണയുടെ നിർമാണം തുടങ്ങി പദ്ധതിയുടെ വിവിധ പ്രവൃത്തികൾ പൂർത്തീകരിച്ചുകഴിഞ്ഞു. ജലവിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതും പൂർത്തീകരിച്ച് കമീഷന് കാത്തുനിൽക്കുകയാണ് പദ്ധതി. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല.
എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭിക്കുന്നതോടെ കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പൂർണമായി പരിഹാരം കാണാൻ കഴിയും. അതിനാൽ പദ്ധതിയുടെ ഉദ്ഘാടനം എത്രയും വേഗം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.