തൊഴിലാളി കോട്ടയിൽ ശക്തി തെളിയിക്കാൻ മുന്നണികൾ
text_fieldsചാത്തന്നൂർ: ഇടതിന്റെ ഉരുക്കുകോട്ടകളിലൊന്നായ ചാത്തന്നൂർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. തൊഴിലാളികളുടെ വോട്ടാണ് ഇവിടെ വിധി നിർണയിക്കുന്നത്. ബി.ജെ.പിക്ക് ജില്ലയിൽ കൂടുതൽ വേരോട്ടമുള്ള മണ്ഡലമാണ് ചാത്തന്നൂർ.
ഇടതിനും, ബി.ജെ.പിക്കും മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ടെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കാറില്ല. പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊടൊപ്പം നിന്ന ചരിത്രമാണ് മണ്ഡലത്തിനുള്ളത്. നാമമാത്രമായി മാത്രമാണ് എൽ.ഡി.എഫിനെ തുണച്ചിട്ടുള്ളത്.
1967ൽ മണ്ഡലം രൂപീകൃതമായപ്പോഴും 1970ലെ തെരഞ്ഞെടുപ്പിലും ഇടതിലെ പി. രവീന്ദ്രനും 1977ലും 1980ലും ഇടതിലെ തന്നെ ജെ. ചിത്തരജ്ഞനും ഇവിടെ നിന്നും വിജയിച്ചു. 1982ൽ സി.പി. പത്മരാജനാണ് ആദ്യമായി കോൺഗ്രസിന് അക്കൗണ്ട് തുറന്നത്.
1987ൽ പി. രവീന്ദ്രനിലൂടെ മണ്ഡലം ഇടതുമുന്നണി തിരിച്ചുപിടിച്ചെങ്കിലും 1991ൽ വീണ്ടും കോൺഗ്രസിന്റെ സി.വി. പത്മരാജൻ വിജയിച്ചു. 1996ലും 98ലും വീണ്ടും ഇടതുമുന്നണി വിജയിച്ചെങ്കിലും 2001ൽ കോൺഗ്രസിലെ പ്രതാപവർമ തമ്പാൻ തുച്ഛമായ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2006ൽ എൻ. അനിരുദ്ധനിലൂടെ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. അതിനുശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിലെ ജി.എസ്. ജയലാലാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2016ലും 2021ലും നടന്ന നിയമസഭ തെരഞ്ഞടുപ്പുകളിൽ ബി.ജെ.പിയാണ് രണ്ടാംസ്ഥാനത്തെത്തിയത്.
പരവൂർ നഗരസഭയും പൂതക്കുളം, ചിറക്കര, കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ മണ്ഡലം.
പരവൂർ നഗരസഭയിൽ ഇടത്-വലത് മുന്നണികൾ യോജിച്ചാണ് ഭരണം നടത്തുന്നത്. ചിറക്കരയിൽ ഇടതാണ് ഭരിച്ചിരുന്നതെങ്കിലും വിമതയിലൂടെ കോൺഗ്രസ് ഭരണം കൈയടക്കി.
ആദിച്ചനല്ലൂരിലും ബി.ജെ.പിയുടെ കൈയിലുണ്ടായിരുന്ന കല്ലുവാതുക്കലിലും ഇപ്പോൾ കോൺഗ്രസാണ് ഭരിക്കുന്നത്.
ചാത്തന്നൂരും പൂതക്കുളവും പൂയപ്പള്ളിയും ഇടതാണ് ഭരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയായ ചാത്തന്നൂരിൽ ലോക്സഭ തെരഞ്ഞടുപ്പിൽ തങ്ങളുടെ ശക്തി തെളിയിക്കാനാണ് എൽ.ഡി.എഫ് ശ്രമം. യു.ഡി.എഫാകട്ടെ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.