എം.എൽ.എ ഫണ്ട് ദുർവിനിയോഗം: വിജിലൻസിൽ പരാതി
text_fieldsചാത്തന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കുസമീപം എം.എൽ.എ ഫണ്ടുപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് ആന്റി കറപ്ഷൻ പീപിൾസ് മൂവ്മെൻറ് വിജിലൻസിന് പരാതി നൽകി. ചാത്തന്നൂർ പൊലീസ് സ്റ്റേഷനുസമീപം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയോട് ചേർന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ സ്ഥലം എം.എൽ.എക്കും എം.പിക്കും നിവേദനം നൽകിയിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 4,21,000 രൂപ അനുവദിക്കുകയും നിർവഹണ ഉദ്യോഗസ്ഥനായ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ പഞ്ചായത്തിൽനിന്ന് അനുമതിപത്രം വാങ്ങി കരാർ നൽകുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ എം.പി നേരിട്ട് സ്വിച്ച് ഓണും നിർവഹിച്ചു. ഇതിനിടയിൽ തിടുക്കപ്പെട്ട് എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള മറ്റൊരു മിനി മാസ്റ്റ് ലൈറ്റ് തൊട്ടടുത്തുതന്നെ സ്ഥാപിക്കുകയായിരുന്നു. പുതുതായി ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച് അതിൽ മൂന്ന് ലൈറ്റുകളാണ് ഫിറ്റ് ചെയ്തത്. വളരെ കുറച്ചു തുക മാത്രമേ അതിന് ചെലവ് വരൂയെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഒരേസ്ഥലത്ത് എം.എൽ.എ, എം.പി വക ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത് വിവാദമായിരുന്നു. ആന്റി കറപ്ഷൻ പീപിൾസ് മൂവ്മെൻറ് വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് 6,96,322 രൂപ ചാത്തന്നൂർ നിയമസഭ നിയോജക മണ്ഡലത്തിലെ പൂതക്കുളം, കല്ലുവാതുക്കൽ, ചാത്തന്നൂർ പഞ്ചായത്തുകളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ഭരണാനുമതി നൽകിയിട്ടുള്ളതായി നിർവഹണ ഉദ്യോഗസ്ഥനായ കൊല്ലം പഞ്ചായത്ത് അസി. ഡയറക്ടർ വെളിപ്പെടുത്തുകയും ചെയ്തു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയും വ്യക്തമാക്കുന്നു. പഞ്ചായത്ത് സെക്രട്ടറി ചാത്തന്നൂർ കെ.എസ്.ഇ.ബി അസി. എൻജിനീയറോട് ആവശ്യപ്പെട്ടതിനെതുടർന്ന് രണ്ടുമൂന്നുമാസങ്ങൾക്കുശേഷം ലൈറ്റ് ഇളക്കിമാറ്റി. ഫലത്തിൽ ചാത്തന്നൂർ പഞ്ചായത്തിന് അനുവദിച്ച 6,96,322 രൂപയിൽ 2,32107രൂപ ദുർവിനിയോഗം ചെയ്യപ്പെട്ടതായാണ് ആരോപണം. നഷ്ടപ്പെട്ട പണം ഉത്തരവാദപ്പെട്ടവരിൽനിന്ന് തിരിച്ചടപ്പിക്കണമെന്ന് വിജിലൻസിന് പരാതി നൽകിയ ആന്റി കറപ്ഷൻ പീപിൾസ് മൂവ്മെന്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.