ദേശീയപാത നിർമാണം; പൊട്ടിപ്പൊളിഞ്ഞ് സർവിസ് റോഡുകൾ
text_fieldsചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച സർവിസ് റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡ് തകർന്ന് അപകടക്കെണിയായി. കല്ലുവാതുക്കൽ, കാരംകോട്, ശീമാട്ടി, ചാത്തന്നൂർ ജങ്ഷൻ, തിരുമുക്ക് എന്നിവിടങ്ങളിലെ നിർമാണംകഴിഞ്ഞ സർവിസ് റോഡുകളാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായത്. ആറുവരിപ്പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ സർവിസ് റോഡ് ടാറിങ് പലഭാഗങ്ങളിലും പൂർത്തിയാക്കിയിരുന്നു.
ഇരുവശങ്ങളിലും ഏഴുമീറ്റർ വീതിയുള്ള സർവിസ് റോഡുകളാണ് നിർമാണം. പ്രധാന റോഡിൽ നിന്ന് നിർമാണം കഴിഞ്ഞ പുതിയ സർവിസ് റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടു. വാഹനങ്ങൾ ഓടിത്തുടങ്ങി രണ്ടുദിവസം കഴഞ്ഞപ്പോഴേക്കും പണ്ടെങ്ങോ ടാറിട്ടതിന്റെ ഓർമപ്പെടുത്തലായി ഇവിടം. അങ്ങിങ്ങ് ടാറിന്റെ അംശം മാത്രം ബാക്കി. പാറച്ചീളുകൾ റോഡാകെ ചിതറിയ നിലയിൽ. ചാറ്റൽ മഴയിലും റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി മാറി. ഇതോടെ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടക്കെണിയായും ഇവിടം മാറി. ഗതാഗതക്കുരുക്കും രൂക്ഷമായി.
പൊട്ടിപ്പൊളിഞ്ഞ പുതിയ സർവിസ് റോഡുകളുടെ പുനർനിർമാണം നടത്തി സഞ്ചാരയോഗ്യമാക്കിയാൽ മാത്രമേ നീണ്ടനിരയിലുള്ള ഗതാഗതക്കുരുക്കിൽ നിന്നും ദുർഘടകരമായ യാത്രയിൽ നിന്നും ദുരിതമൊഴിയൂ. സർവിസ് റോഡിനോട് ചേർന്ന് വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനവും തുടരുന്നുണ്ട്. ശീമാട്ടി, ചാത്തന്നൂർ തിരുമുക്ക് എന്നിവിടങ്ങളിലെ അടിപ്പാത നിർമാണം നടക്കുന്നതുകൊണ്ടാണ് നിർമാണം കഴിഞ്ഞ സർവിസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടതും പിന്നാലെ റോഡ് പൂർണമായും തകർന്നതും. പാതിവഴിയിൽ നിർത്തിയ ഓടനിർമാണവും കോൺക്രീറ്റ് കമ്പികളും മണ്ണിട്ടുമൂടാത്ത കുഴികളും യാത്രക്കാർക്ക് ഭീഷണിയാണ്.
കരാറുകാർ അപകടസൂചനാ ബോർഡുകളോ ബാരിക്കേഡുകളോ സുരക്ഷാസംവിധാനങ്ങളോ സജ്ജമാക്കാതെയും നിർമാണപ്രവർത്തനം നടക്കുന്നുണ്ട്. ജില്ലയിൽ 64 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാതയുടെ നിർമാണപ്രവർത്തനം നടക്കുന്നത്. നിർമാണജോലികൾ അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. 2025 ഓടെ ദേശീയപാത നിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.