നവകേരള സദസ്സ്: വോളിബാൾ മത്സരം
text_fieldsചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ്സിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് നാലിന് ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബാൾ മത്സരം നടത്തും. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ല വോളിബാൾ ടെക്നിക്കൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കും.
വൈകീട്ട് നാലിന് അണ്ടർ 14 മത്സരത്തിൽ കൊല്ലം ജില്ല ടീമും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ടീമും ഏറ്റുമുട്ടും. വൈകീട്ട് ആറിന് അണ്ടർ 21 വിഭാഗത്തിൽ കൊല്ലം ജില്ല ടീമും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് ടീമും മാറ്റുരക്കും. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അധ്യക്ഷനാകും.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, മുൻ വോളിബാൾ താരം ഷാജഹാൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സജീവ് കുമാർ, ഷൈനി ജോയ്, അമൽചന്ദ്രൻ, ജില്ല വോളിബാൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ബിജു തുടങ്ങിയവർ പങ്കെടുക്കും.
വരവേൽക്കാൻ കരുനാഗപ്പള്ളി
കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളെല്ലാം പങ്കെടുക്കുന്ന നവകേരള സദസ്സിനെ വരവേൽക്കാൻ ഒരുങ്ങി കരുനാഗപ്പള്ളി നിയോജകമണ്ഡലം. ഡിസംബർ 19ന് രാവിലെ 10ന് കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിലാണ് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുക.
സദസ്സിന് അനുബന്ധമായി ഡോ. പാർവതി ബി. രവി നയിക്കുന്ന ഗാനമാലിക, കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ നേതൃത്വം നൽകുന്ന നൃത്തശിൽപം, പ്രിയം സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സ്വാഗതഗാനം എന്നിവയുണ്ടാകും. ഡിസംബർ 10 മുതൽ 19 വരെ വിപുലമായ കലാ-സാംസ്കാരിക, അനുബന്ധ പരിപാടികൾ അരങ്ങേറും.
കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിലെ സ്വാഗതസംഘം ഓഫിസിനോട് ചേർന്നുള്ള നവകേരള സ്ക്വയറിലും വിവിധ വേദികളിലുമായാണ് പരിപാടികൾ. കലാകാരന്മാരുടെ നേതൃത്വത്തിൽ വരത്തെരുവ്, നവകേരള കൊടിയേറ്റ് സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.