തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥ; മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങിയില്ല
text_fieldsചാത്തന്നൂർ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥ പകര്‍ച്ചവ്യാധികള്‍ ക്ഷണിച്ചുവരുത്തുമെന്ന് വകുപ്പ് അറിയിച്ചു.
ജില്ലയിലെ മഴക്കാല പൂർവ ശുചീകരണം മേയ് 29ന് മുമ്പായി പൂർത്തിയാക്കണമെന്ന നിർദേശങ്ങളാണ് കലക്ടർ നൽകിയിരുന്നത്. എന്നാൽ, നടപ്പായില്ല.
ചാത്തന്നൂർ ചിറക്കര, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ പഞ്ചായത്തുകൾ കാലവർഷമെത്തിയിട്ടും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം തുടങ്ങിയിട്ടില്ല. പുതിയ പ്രവൃത്തികള്‍ക്കായുള്ള പദ്ധതികള്‍ പല പഞ്ചായത്തുകളും പൂര്‍ത്തീകരിച്ചിട്ടുമില്ല. പാരിപ്പള്ളി, കല്ലുവാതുക്കൽ, കൊട്ടിയം പോലുള്ള ടൗണുകളില്‍ മാലിന്യം തള്ളുന്ന സ്ഥലങ്ങള്‍പോലും ശുചീകരിക്കാന്‍ പഞ്ചായത്തുകള്‍ തയാറായിട്ടില്ല. ഫോഗിങ്, ബ്ലീച്ചിങ് എന്നിവയും നടത്തിയില്ല.
ദേശീയപാത നിർമാണം നടക്കുന്നതുമൂലം പ്രധാന ടൗണുകളിലെല്ലാം ഓടകള്‍ അടഞ്ഞ് മലിനജലം കെട്ടിക്കിടക്കുകയാണ്. പാരിപ്പള്ളിയിൽ ഓടകള്‍ ശുചീകരിക്കാത്തതിനാല്‍ കൊതുകുശല്യം രൂക്ഷമായതായി വ്യാപാരികള്‍ പറഞ്ഞു.
ശുചീകരണ പ്രവൃത്തി നടന്നില്ലെങ്കില്‍ എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഹെപ്പറ്റൈറ്റിസ് ബിയുമെല്ലാം പടര്‍ന്നുപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.