പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ; പോളച്ചിറ ഏലയിൽ കൃഷി മുടങ്ങി
text_fieldsചാത്തന്നൂർ: ചിറക്കര പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം പോളച്ചിറ ഏലയിൽ കൃഷി മുടങ്ങി. രണ്ടുവർഷമായി കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ഏറെ കൊട്ടിഗ്ഘോഷിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് പോളച്ചിറ ഏലയിൽ നടപ്പാക്കിയ ‘ഒരു മീനും ഒരു നെല്ലും’പദ്ധതിയും അവതാളത്തിലായി.
കഴിഞ്ഞ രണ്ടുതവണയും പുഞ്ചകൃഷിയിറക്കാൻ കഴിയാഞ്ഞത് പഞ്ചായത്തിന്റെ അനാസ്ഥമൂലമാണെന്ന് കർഷകർ ആരോപിച്ചു. പോളച്ചിറ ഏലയിലെ കർഷകരുടെ യോഗം വിളിച്ചുകൂട്ടാനോ സമയബന്ധിതമായി വെള്ളം വറ്റിക്കാനോ തയാറാകാതെ വന്നതോടെയാണ് നെൽകൃഷി അവതാളത്തിലായത്. ഇത്തവണയും വെള്ളം വറ്റിക്കേണ്ട സമയം അതിക്രമിച്ചിട്ടും മുന്നൊരുക്കം നടത്താൻ നടപടിയില്ല.
250 ടണ്ണിലധികം വിളവ് ലഭിക്കുന്ന നെൽപ്പാടം വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ ത്രിതലപഞ്ചായത്ത് സംവിധാനമോ ജനപ്രതിനിധികളോ തയാറായിട്ടില്ല. ഇതുകാരണം ഏലയിലെ കർഷകർ പ്രതിഷേധത്തിലാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് മിനി കുട്ടനാട് എന്നറിയപ്പെടുന്ന പോളച്ചിറ ഏല. നെൽകൃഷി നഷ്ടമായതോടെ ചിറക്കര ബ്രാൻഡ് നാടൻ കുത്തരിയുടെ വിപണനം ഇല്ലാതായി.
പോളച്ചിറ ഏലയിലെ ‘ഒരു മീനും ഒരു നെല്ലും’ പദ്ധതിയുടെ ഭാഗമായുള്ള കൃഷിയിൽനിന്ന് നെല്ല് സംഭരിച്ചായിരുന്നു ചിറക്കര ബ്രാൻഡ് കുത്തരി പുറത്തിറക്കിയിരുന്നത്. 1500 ഏക്കർ വിസ്തൃതിയുള്ള പോളച്ചിറ ഏലായിൽ ചിറക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഏലാ സമിതിയുടെയും സംയുക്തസംരംഭമായാണ് ചിറക്കര ബ്രാൻഡ് വിപണിയിലെത്തിച്ചിരുന്നത്.
പദ്ധതിത്തുക ഉപയോഗിച്ച് സബ്സിഡി നൽകുന്നതുമൂലം വിപണി വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് നാടൻ കുത്തരി ഗുണഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞിരുന്നു. പാടശേഖരസമിതി ഉൽപാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ വഴി സംഭരിക്കാനും കൃഷിഭവൻ സൗകര്യം ഒരുക്കിയിരുന്നു. വെള്ളം വറ്റിക്കാനായി ഉഗ്രശേഷിയുള്ള പമ്പ് സ്ഥാപിച്ചെങ്കിലും ഇതിന്റെ പ്രയോജനം കർഷർക്ക് ലഭ്യമാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം ചെലവാക്കി രണ്ട് പമ്പ് സ്ഥാപിച്ചെങ്കിലും പ്രവർത്തനം അവതാളത്തിലാണ്. ഏലയിലെ പുറമ്പോക്ക് തോടുകൾ മണലും ചളിയുംകൊണ്ട് നിറഞ്ഞതിനാൽ ചിറക്കര, ഉളിയനാട്, കുഴുപ്പിൽ, ചിറക്കരത്താഴം തുടങ്ങിയ ഇരുപ്പൂ കൃഷിചെയ്യുന്ന ഏലകളിലെ വെള്ളം ഒഴുകിപ്പോകാനാകാതെ വെള്ളക്കെട്ടായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.