പാരിപ്പള്ളി മെഡിക്കൽ കോളജ് ; സമരം പിൻവലിച്ചെന്ന് ഒരുവിഭാഗം, തുടരുമെന്ന് മറുവിഭാഗം
text_fieldsചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് നഴ്സിങ് ഹോസ്റ്റലിൽനിന്ന് നഴ്സിങ് ജീവനക്കാരെ ഒഴിപ്പിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിെന്റ നടപടിക്കെതിരെ നഴ്സുമാർ തിങ്കളാഴ്ച ആരംഭിച്ച സമരം പിൻവലിച്ചെന്ന് സി.പി.എം അനുകൂലസംഘടന. സമരം തുടരുമെന്ന് കോൺഗ്രസ് അനുകൂല സംഘടനയും.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നിലവിൽ നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും താമസിക്കുന്ന 10 മുറികൾ ചൊവ്വാഴ്ച വൈകീട്ട് നാലിന് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പകരം ഡോക്ടർമാർക്ക് താമസിക്കാനുള്ള ടൈപ് വൺ ക്വാർട്ടേഴ്സിലെ എട്ട് മുറികൾ അനുവദിക്കും.
നിലവിൽ നഴ്സുമാർ താമസിച്ചുകൊണ്ടിരുന്ന ഹോസ്റ്റലിലെ മുറികൾ നഴ്സിങ് കോളജിന്റെ ആവശ്യത്തിനായി വിനിയോഗിക്കും. ഈ തീരുമാനത്തിൽ അധികൃതർ ഉറച്ചുനിന്നു. സി.പി.എം നേതൃത്വത്തിലുള്ള കേരള ഗവ. നഴ്സസ് അസോസിയേഷൻ ഈ നിലപാട് അംഗീകരിച്ച് സമരം പിൻവലിച്ചു. എന്നാൽ, തീരുമാനം കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഗവ. നഴ്സസ് യൂനിയൻ എതിർത്തു. നഴ്സിങ് ഹോസ്റ്റൽ നഴ്സിങ് കോളജാക്കി മാറ്റുന്ന നടപടി ഡി.എം.ഇ പിൻവലിക്കാത്തപക്ഷം തുടർസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.
ഇന്റേൺസ് ഹോസ്റ്റലിൽ 104 മുറികളിൽ 100 എം.ബി.ബി.എസ് ഇന്റേൺസ് താമസിക്കുന്നതായാണ് അധികൃതർ അറിയിച്ചത്. എന്നാൽ, കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽപോലും ഒരു റൂമിൽ ഒരാൾ വീതം താമസിക്കുന്നില്ല. അതുപോലെ ഈ മെഡിക്കൽ കോളജിൽ നിരവധി സ്ഥലങ്ങളിൽ സൗകര്യം ഉണ്ടെന്നിരിക്കെ നഴ്സസ് ഹോസ്റ്റൽതന്നെ ഏറ്റെടുക്കുന്ന നടപടി എന്നന്നേക്കുമായി നഴ്സസ് ഹോസ്റ്റൽ നഴ്സസിനും പാരാമെഡിക്കൽ സ്റ്റാഫിനും ഇല്ലതാക്കുന്നതിനാണെന്ന് സംഘടന സംശയിക്കുന്നു.
ഇത് ഭാവിയിൽ ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭിക്കുന്നതിലേക്ക് എത്തിക്കും. പകരം ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് നൽകുന്നത് നഴ്സുമാരുടെ കണ്ണിൽ പൊടിയിടുന്നതിനും ഭാവിയിൽ ക്വാർട്ടേഴ്സ് സൗകര്യവും നഷ്ടപ്പെടുത്തുന്നതിനാണ്. ജീവനക്കാരോടുള്ള അനീതിയിൽ പ്രതിഷേധിക്കാൻ കെ.ജി.എൻ.യു തീരുമാനിച്ചതായും അറിയിച്ചു. ധർണക്ക് സംസ്ഥാന കമ്മിറ്റി അംഗം ജെഫിൻ തങ്കച്ചൻ, ജില്ല സെക്രട്ടറി എസ്. ഷിജാസ്, ജില്ല ട്രഷറർ ടി. മഞ്ജു, യൂനിറ്റ് പ്രസിഡൻറ് ശ്രീകുമാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.