അഞ്ച് പതിറ്റാണ്ട് പിന്നിട്ട് അടുതലയുടെ കാവ്യസപര്യ
text_fieldsചാത്തന്നൂർ: കവിതാരചനയുടെ അഞ്ചുപതിറ്റാണ്ട് പൂർത്തിയാക്കിയ സന്തോഷം 12 പുതിയ കവിത സമാഹാരങ്ങളിലൂടെ പങ്കുവച്ച് കവി അടുതല ജയപ്രകാശ്. 12 പുസ്തകങ്ങളും ഒരുമിച്ച് പ്രകാശനം ചെയ്ത വേദിയിൽ അദ്ദേഹത്തിന്റെ കാവ്യയാത്രക്ക് ആദരവുമായി നാടും ഒത്തുചേർന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ കാലാ കാലങ്ങളിലായി പുറത്തുവന്ന അടുതല ജയപ്രകാശിന്റെ രചനകളാണ് പുസ്തക രൂപം പ്രാപിച്ചത്.
മലയാളകവിതാ രംഗത്ത് ഈ കവിയുടെ ഹൃദയഘടികാരവും, പ്രതിപക്ഷവും, കയ്പും, സ്ഥാപനപ്രതിഷ്ഠയും, ചുവരെഴുത്തും, പ്രതിഗാന്ധിജിയും മറ്റും ഇതിനകം ചർച്ച ചെയ്യപ്പെട്ട കൃതികളാണ്. ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന ചിന്തകളെ സാമൂഹിക വിമർശനത്തിന്റെ മൂശയിലിട്ടു പാകപ്പെടുത്താൻ അടുതല എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സമൂഹത്തിലെ വേദന അനുഭവിക്കുന്നവരുടെ പക്ഷത്തോടാണ് അടുതലകവിതകൾ ചേർന്നു നടക്കുന്നത്. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ എഴുത്തു ജീവിതം മുന്നോട്ടു നയിക്കുന്ന കവിയാണ് അദ്ദേഹമെന്ന് സാക്ഷ്യപ്പെടുത്തുന്നവയാണ് ഇതിനകം പുറത്തു വന്ന കൃതികൾ.
അ, അപരിചിതൻ, അവർണ്ണം, കവിതപ്രതിഷ്ഠ, ഹൃദയ ഗ്രാമത്തിലെ വീട്, സ്വച്ഛം, പരാജിതൻ പാട്ട്, സെല്ലുലാർ ജയിൽ, തോറ്റവന്റെ സുവിശേഷം, സാഗരവൈഖരി, ഹൃദയോപനിഷത്ത്, വാക്കില്ലാകുന്നിലപ്പൻ എന്നിവയാണ് അമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാടൊന്നിച്ച് നൽകിയ ആദരവേദിയിൽ പ്രകാശനം ചെയ്ത കൃതികൾ.
1957ൽ അടുതലയിൽ അധ്യാപകനായ ആർ. സത്യവാന്റെയും സുഭദ്രയുടെയും മകനായി ജനിച്ച അടുതല ജയപ്രകാശ് മലയാളസാഹിത്യത്തിൽ മാസ്റ്റർ ബിരുദധാരിയാണ്. പതിനെട്ടാം വയസ്സിലാണ് കവിതകൾ രചിച്ചു തുടങ്ങിയത്. ഇടവ അമാന്റെ ജനനാട് എന്ന മാസികയിൽ കവിത എഴുതി കൊണ്ടായിരുന്നു തുടക്കം. പിന്നീട് ജനപ്രിയമായ നിരവധി കവിതകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുണ്ടായി. ഡോ. ദാമോദരൻ പുരസ്കാരം, മുത്താന സാംബശിവൻ പുരസ്കാരം, കൗമുദി ടീച്ചർ പുരസ്കാരം, സെക്രട്ടറിയേറ്റ് അസോസിയേഷന്റെ സർഗ്ഗ സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ അഡ്വ. ലിജി പുഷ്പാംഗദന്റെയും മക്കളായ അഡ്വ. അശ്വിനി ജയപ്രകാശിന്റെയും, യദു ജയപ്രകാശിന്റെയും പൂർണപിന്തുണയോടെ കാവ്യയാത്ര തുടരുകയാണ് അടുതല ജയപ്രകാശ്. 50 വർഷങ്ങൾ പൂർത്തിയാക്കിയ കാവ്യസപര്യയിൽ ഇനിയും ഏറെ എഴുതാൻ ബാക്കിയെന്ന് ഉറപ്പിച്ചുപറയുകയാണ് നാടിന്റെ പ്രിയകവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.