മഴയിൽ വെള്ളക്കെട്ട്; ദുരിതത്തിൽ ദേശീയപാതയോരം
text_fieldsചാത്തന്നൂർ: വേനൽമഴയിൽ ദേശീയപാതയോരത്ത് വെള്ളക്കെട്ടായി വീടുകളിൽ വെള്ളം കയറി ദുരിതം. പലയിടത്തും റോഡിൽ കാലവർഷത്തിലേതിന് സമാനമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ ചെറുറോഡുകളിലേക്ക് കടക്കുന്ന പാതയിൽ വലിയ കുഴികൾ രൂപപ്പെട്ടു. വൈദ്യുതി തൂണുകൾ ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ചാത്തന്നൂർ ജങ്ഷനിലെ കടകളിൽ വെള്ളം കയറി. ഊറാംവിളയിലും ശീമാട്ടിയിലും വീടുകളിൽ വെള്ളം കയറി. റോഡുകൾ ചളിക്കുണ്ടായി കാൽ നടയാത്രപോലും ദുസ്സഹമായി മാറി. മഴവെള്ളം ഒലിച്ചുപോകുന്നതിന് വൻമതിൽപോലെ നിർമിക്കുന്ന ദേശീയപാതയിൽ സംവിധാനം ഒരുക്കിയിട്ടില്ല.
താഴ്ന്ന പ്രദേശങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തുകയാണ്. ഇത്തിക്കര പാലത്തിന് സമീപമുള്ള തോടുകളും കൈതോടുകളും ദേശീയപാതക്കുവേണ്ടി മണ്ണിട്ടപ്പോൾ മൂടിയനിലയിലാണ്. ബൈപാസ് റോഡിന് സമീപമുള്ള വയൽപ്രദേശത്തും വെള്ളക്കെട്ടുണ്ടായി.
പലയിടത്തും കൈതോടുകളും ഡ്രെയിനേജുകളും മൂടിപ്പോയതായുള്ള പരാതികളുണ്ട്. ദേശീയപാത നിർമാണ കരാർ ഏജൻസികൾ ഉത്തരേന്ത്യയിൽനിന്നുള്ള കമ്പനികളാണ്. പ്രവൃത്തി നടത്തുന്ന തൊഴിലാളികളും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. ആറ് മാസത്തിലധികം മഴ നീളുന്ന കേരളത്തിന്റെ കാലവർഷത്തെക്കുറിച്ചോ വെള്ളക്കെട്ട് സാധ്യതകളെക്കുറിച്ചോ ഇവർക്ക് ധാരണയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.